
ചേർത്തല∙ വെറ്ററിനറി മെഡിസിൻ കോഴ്സ് പഠിക്കാൻ ഫിലിപ്പീൻസിൽ പോയ വിദ്യാർഥി നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങി. ഫിലിപ്പീൻസിലെ സാൻകാർലോസിൽ കുടുങ്ങിയ അർത്തുങ്കൽ സ്വദേശി സാവിയോയെ (31) നാട്ടിലെത്തിക്കാൻ സഹായം തേടി ബന്ധുക്കൾ മുഖ്യമന്ത്രിയെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചു. വിസയുടെ കാലാവധി കഴിഞ്ഞതിനാൽ നിയമ നടപടികൾക്കും സാധ്യതയുണ്ട്. വീട്ടിൽ നിന്നും മലയാളികൾ വഴിയെത്തിക്കുന്ന തുക ഉപയോഗിച്ചാണ് ചെലവ് കഴിയുന്നത്.
2016ലാണ് സാൻകർലോസിലെ വിർജെൻ മിലാഗ്രാസു സർവകലാശാലയിൽ സാവിയോ കോഴ്‌സിനു ചേർന്നത്. നാലു വർഷത്തെ കോഴ്‌സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്. എന്നാൽ 2020ൽ അവസാനിക്കേണ്ട കോഴ്സ് 2024ലും പൂർത്തിയായിട്ടില്ല. കോവിഡ് സാഹചര്യത്തിലാണ് കോഴ്സ് വൈകിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പക്ഷേ, കോഴ്സ് നീണ്ടതോടെ ഇതുവരെ 37 ലക്ഷത്തിലധികം ചെലവഴിച്ചു കഴിഞ്ഞു. ഇനി 10 ലക്ഷം ഉടൻ നൽകണമെന്നാണ് സർവകലാശാലയുടെ ആവശ്യമെന്ന് സാവിയോയുടെ അച്ഛൻ അലോഷ്യസ് വിൽസൺ പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റിൽ വിസ കാലാവധി കഴിഞ്ഞതിനാൽ സാവിയോയെ സർവകലാശാല ഹോസ്റ്റലിൽ നിന്നും പുറത്താക്കിയെന്നും ഇപ്പോൾ പലയിടങ്ങളിൽ താമസിക്കുകയാണെന്നും വീട്ടുകാർ പറഞ്ഞു. ഡോളറിലാണ് വിനിമയമെന്നതിനാൽ രൂപയുടെ മൂല്യം കുറയുന്നതിനനുസരിച്ചാണ് കോഴ്സിന്റെ ചെലവ് വർധിക്കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നു. പഠനത്തിനൊപ്പം ജോലിയെന്ന സാധ്യതയിലാണ് കോഴ്‌സിനു ചേർന്നത്. മെഡിസിൻ മേഖലയിൽ ഫിലിപ്പീൻസിൽ താൽക്കാലിക ജോലി അനുവദനീയമല്ല എന്നത് തിരിച്ചടിയായി. സാവിയോയുടെ പഠന ചെലവിനായി അർത്തുങ്കലിലെ വീടുപോലും വിറ്റെന്ന് കുടുംബം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam