
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ (Alappuzha Medical college hospital) സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ 14കാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 കാരി സഹോദരിയാണ് വനിത സുരക്ഷ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. ഒമ്പതാം വാര്‍ഡില്‍ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരായ പുന്നപ്ര പീടികയില്‍ വീട്ടില്‍ ജോയല്‍ മേരി, സഹപ്രവര്‍ത്തക കാക്കാഴം വെളിയില്‍ വീട്ടില്‍ റിനി എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതിയുണ്ട്. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ തന്നെ മര്‍ദ്ദിച്ചെന്നാരോപിച്ച് 14 കാരിയും ചികിത്സ തേടി.
ആശുപത്രിയില്‍ ബന്ധുക്കളെത്തിയത് സുരക്ഷ ജീവനക്കാര്‍ ചോദ്യം ചെയ്തതാണ് 14 കാരിയെ പ്രകോപിപ്പിച്ചത്. ഇവരെ തടഞ്ഞതോടെ കുട്ടിയും സുരക്ഷ ജീവനക്കാരും തമ്മിലുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ആശുപത്രി എയ്ഡ് പോസ്റ്റ് പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി. എന്നാല്‍ ആശുപത്രിയില്‍ സന്ദര്‍ശനത്തെത്തുന്നവരോട് പലപ്പോഴും സുരക്ഷ ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നതായി വ്യാപക പരാതിയുണ്ട്. അത്യാവശ്യ സന്ദര്‍ശനത്തിനും കൂട്ടിരിപ്പിനുമായി എത്തുന്നവരുമായി സുരക്ഷ ജീവനക്കാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് പതിവ് കാഴ്ചയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam