
നെടുങ്കണ്ടം: കഴിഞ്ഞ 18 ന് കൂട്ടാർ പുഴയിലൂടെ കലങ്ങി മറിഞ്ഞെത്തിയ വെള്ളപ്പൊക്കത്തിൽ ഒരു പൊങ്ങുതടി പോലെ ഒഴുകി പോയതാണ് കൂട്ടാർ സ്വദേശി റെജിമോന്‍റെ " വിനായക " ട്രാവലർ വാഹനവും സ്വപ്നങ്ങളും. ഈ ദൃശ്യം കണ്ട ഏവർക്കും അതൊരു നൊമ്പരക്കാഴ്ചയായിരുന്നു. എന്നാലിപ്പോൾ അതേ കൂട്ടാറിന്‍റെ തീരത്ത് മറ്റൊരു മനോഹര കാഴ്ചയ്ക്ക് കൂടി നാട്ടുകാർ സാക്ഷ്യം വഹിച്ചു. റെജിമോന്റെ ഉറ്റ സുഹൃത്തുക്കളായ മൂന്നു പേര്‍ ചേര്‍ന്ന് തരിപ്പണമായ വിനായകന് പകരം മറ്റൊരു വിനായകനെ സമ്മാനിച്ചു. പ്രളയം വാഹനത്തെ കവര്‍ന്നെടുത്ത കൂട്ടാര്‍ പാലത്തിന് അരികെ വച്ചു തന്നെ വാഹനത്തിന്റെ താക്കോല്‍ കൈമാറി.
റെജിമോന്റെ സുഹൃത്തുക്കളും ബെംഗളുരുവില്‍ ഐടി എഞ്ചിനീയര്‍മാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാൻ വാങ്ങി നല്‍കിയത്. അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങി നൽകിയത്. ഇവര്‍ക്ക് നാട്ടിലെത്താന്‍ സാധിക്കാത്തത് മൂലം ഇവരുടെ സുഹൃത്ത് രഹന്‍ലാലിനെയും അശോകനെയും താക്കോല് കൈമാറാന്‍ ഏല്‍പിക്കുകയായിരുന്നു. ഇടുക്കി എട്ടാം മൈലില്‍ നിന്നും വാഹനം വാങ്ങിയത്. പഴയ ‘വിനായകന്’ 17 സീറ്റ് ആയിരുന്നെങ്കില്‍ ഈ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്.
എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നു. അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു. ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ (അപ്പു) എന്നിവരും വാഹനം നഷ്ടമായത് മുതൽ ഏറെ ദുഃഖത്തിലായിരുന്നു. ഒപ്പം റെജിമോന്‍റെ സുഹൃത്തുക്കളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. വിനായക ഒഴുക്കിൽപ്പെട്ടതു മുതൽ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുക്കുന്നത് വരെ കൂട്ടാറിലെ സുഹൃത്തുക്കൾ സജീവമായിരുന്നു.
കുത്തൊഴുക്കിനെ അവഗണിച്ച് വെള്ളത്തിൽ ഇറങ്ങി വാഹനം കെട്ടി നിർത്തിയത് പോലും റെജിമോന്റെ സുഹൃത്തുക്കളായിരുന്നു. ആ വാഹനം പിന്നീട് കരയ്ക്കെത്തിച്ചെങ്കിലും പൂർണമായും തകർന്നിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട വാഹനം വെള്ളത്തിലൂടെ പോയത് മുതൽ കടുത്ത ദുഃഖത്തിലായിരുന്നുവെന്നും പുതിയ വണ്ടി വന്നതോടെ സന്തോഷത്തിലായെന്നും ഡ്രൈവർ അപ്പു ( രാജകൃഷ്ണ മേനോൻ ) പറഞ്ഞു. ഇന്നു മുതൽ വാഹനം ഓട്ടത്തിനിറക്കി. ബുക്കിംഗ് വരുന്നുണ്ട്. തങ്ങൾ എല്ലാവരും സന്തോഷത്തിലാണന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam