
കായംകുളം: കൂട്ടുകാരിയിൽ നിന്നും തട്ടിയെടുത്ത എ.റ്റി.എം. കാർഡുപയോഗിച്ച് പണം മോഷ്ടിച്ച യുവതിയും കൂട്ടാളികളും പിടിയിൽ. കൂട്ടുകാരിയോടൊപ്പം പരാതിയുമായിയെത്തിയ യുവതി നടത്തിയ തട്ടിപ്പാണ് കായംകുളം പൊലിസ് നടത്തിയ അന്വേഷണത്തിൽ പുറത്തായത്. കഴിഞ്ഞ 8–ാം തീയതിയാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്‌ഷൻ ഏജന്റായ പത്തിയൂർ കിഴക്ക് സ്നേഹാലയത്തിൽ കല തന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതായി അറിയുന്നത്.
ഇതേതുടർന്ന് ഇവർ ബാങ്കിൽ പരാതി നൽകി. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ഇവരുടെ അക്കൗണ്ടിൽ നിന്നും പല പ്രാവശ്യങ്ങളായി 68,600 രൂപ പിൻവലിച്ചതായി കണ്ടെത്തി. ഇതോടെ കല തന്നോടൊപ്പം ജോലി ചെയ്യുന്ന കൂട്ടുകാരി ഓച്ചിറ സ്വദേശിനി നസീനയുമൊത്ത് പോലീസില്‍ പരാതി നല്‍കാനെത്തിയത്. പരാതിയെ തുടർന്ന് ബാങ്കിൽ നിന്നും അക്കൗണ്ട് വിവരം പരിശോധിച്ച എസ്ഐ കായംകുളത്തെ ഒരു പമ്പിൽ നിന്നും കാർഡ് സ്വൈപ്പ് ചെയ്ത് 600 രൂപക്ക് പെട്രോൾ അടിച്ചതായും റെയിൽവേ സ്റ്റേഷൻ, കായംകുളം കരീലകുളങ്ങര എന്നിവിടെങ്ങളിലെ എ.റ്റി.എമ്മുകളിൽ നിന്നും 60,000 രൂപ എടുത്തതായും കണ്ടെത്തി.
പമ്പിലെ സി.സി.ടി.വി പരിശോധിച്ചതിനെ തുടര്‍ന്ന് കുറ്റിത്തെരുവ് സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തപ്പോൾ തന്റെ സുഹത്തിന്റെ കൂട്ടുകാരി നൽകിയ കാർഡാണെന്നാണ് ഇയാള്‍ പറഞ്ഞത്. തുടർന്ന് ഈ കൂട്ടുകാരനെ ചോദ്യം ചെയ്തപ്പോഴാണ് പരാതി നൽകാൻ കലയോടൊപ്പമെത്തിയ കൂട്ടുകാരി ഓച്ചിറ സ്വദേശിനിയായ നസീനയാണ് ഇയാൾക്ക് കലയുടെ എ.റ്റി.എം കാർഡ് നൽകിയതെന്നറിയുന്നത്. നസീന (23) ഇവരുടെ സുഹൃത്തുക്കളായ പുള്ളിക്കണക്ക് നിഷാദ് മൻസിലിൽ നിഷാദ് (22) പെരുങ്ങാല കണ്ടിശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞ് (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam