
കൊച്ചി: ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്നതിൽ വിവിധ പ്രതികരണങ്ങൾക്ക് വേദിയായി എറണാകുളം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗം. പുതുപ്പള്ളി പള്ളിയിലെ കാഴ്ചകളിൽ നിന്നായിരുന്നു ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കുന്നത് സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. വിവിധ സഭാ നേതൃത്വത്തിലുള്ളവര്‍ പങ്കെടുത്ത അനുസ്മരണ യോഗത്തിൽ പ്രതികരണത്തിനുള്ള വഴി തുറന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു.
പ്രതിപക്ഷ നേതാവല്ലേ ആ നിലയില്‍ തിരുമേനിമാരോട് പറഞ്ഞ് എന്തെങ്കിലും സാധ്യതകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് തന്നെ വിളിച്ച പലരും ആവശ്യപ്പെട്ടുവെന്നാണ് വി ഡി സതീശന്‍ അനുസ്മരണ യോഗത്തില്‍ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസില്‍ അദ്ദേഹമൊരു പുണ്യാളനായിക്കഴിഞ്ഞുവെന്നും വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു.
ഉമ്മൻചാണ്ടി ജനഹൃദയങ്ങളിൽ പുണ്യാളനായി മാറികഴിഞ്ഞുവെന്ന് വി ഡി സതീശൻ പ്രതികരിച്ചപ്പോള്‍ വിശ്വാസികളെ പുണ്യാളന്മാരാക്കാത്ത കീഴ്വഴക്കം ഓർത്തഡോക്സ് സഭ മറി കടക്കണമെന്നാണ് സീറോ മലബാര്‍ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതികരിച്ചത്. എന്നാല്‍ ഇവിടെ മാത്രമാണ് വിശ്വാസികളെ വിശുദ്ധരായി പ്രഖ്യാപിക്കാതെ ഉള്ളൂ എന്നുള്ള ഓർമപ്പെടുത്തലാണ് ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന്നാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് നടത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധപദവിയുടെ കാര്യത്തില്‍ താൻ നിസ്സഹായനെന്ന് സിറോ മലബാർ സഭ അദ്ധ്യക്ഷൻ മാർ ജോർജ്ജ് ആലഞ്ചേരി പ്രതികരിച്ചത്. ചുമതല ഓർത്തഡോക്സ് സഭയ്ക്കാണ്. അല്മായവരെ വിശുദ്ധരാക്കാത്ത കീഴ്വഴക്കം സഭ മറികടക്കണമെന്ന് ആലഞ്ചേരി ആവശ്യപ്പെട്ടതോടെ സദസ്സിൽ നിന്നും കൈയ്യടി വലിയ രീതിയിലാണ് ഉയര്‍ന്നത്.
പിന്നാലെ ഓർത്തഡോക്സ് സഭ പ്രതിനിധിയായി എത്തിയ അങ്കമാലി ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ പോളിക്കാർപ്പസ് എന്ത് പറയുമെന്നതിലായി ആകാംക്ഷ. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനാക്കുന്നതിനുള്ള സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കാതെയായിരുന്നു യൂഹാനോൻ മാർ പോളിക്കാർപ്പസിന്‍റെ പ്രതികരണം. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കി പ്രഖ്യാപിക്കണമെന്നതിലെ ശരിതെറ്റുകൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുമ്പാഴാണ് രാഷ്ട്രീയ മത നേതൃത്വം നിലപാട് അറിയിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
വലിയൊരു വിഭാഗമാളുകൾ ഉമ്മൻ ചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻ ചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻ ചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam