കാർ ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരന്റെ കൈ തല്ലി ഒടിച്ച് രക്ഷപ്പെട്ടു; രണ്ടു പേർ പിടിയിൽ

By Web TeamFirst Published Mar 14, 2019, 10:17 AM IST
Highlights

സംഗീത് ചെങ്ങന്നൂർ മംഗലം ഭാഗത്ത് സംഘം ചേർന്ന് മദ്യപിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ഐ ജി സന്തോഷ്‌കുമാർ, എസ് ഐ എസ്‌വി ബിജു എന്നിവരുടെ നേതൃത്വത്തിൽ  പത്തംഗ സംഘം എത്തിയത്

ചെങ്ങന്നൂർ: കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരന്റെ കൈ തല്ലി ഒടിച്ചു. സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ പാണ്ടനാട് കടമ്പച്ചനയക്കാട്ടിൽ സുന്ദർലാൽ (34) ന്റെ വലത് കൈയാണ് ഒടിഞ്ഞത്. ഇയാളെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച കിടങ്ങന്നൂർ കാരിത്തോട്ട തോണ്ടിയാ മുറിയിൽ അമൽ(22) ചെറിയനാട് മാമ്പള്ളിപ്പടി കൂടത്തിങ്കൽ അനൂപ് (25) എന്നിവരെ പൊലീസ് സംഭവസ്ഥലത്തു നിന്ന് പിടികൂടി.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കഞ്ചാവ് കേസിലെ പ്രതിയും കഴിഞ്ഞ ദിവസം കാർ ഇടിച്ച് പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമായ മംഗലം ഉമ്മാറത്തറയിൽ സംഗീത് ചെങ്ങന്നൂർ മംഗലം ഭാഗത്ത് സംഘം ചേർന്ന് മദ്യപിക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സി ഐ ജി സന്തോഷ്‌കുമാർ, എസ് ഐ എസ്‌വി ബിജു എന്നിവരുടെ നേതൃത്വത്തിൽ  പത്തംഗ സംഘം എത്തിയത്.

പൊലീസ് വളഞ്ഞതിനെത്തുടർന്ന് സംഗീത് കമ്പിവടി വീശി ആക്രമിക്കുകയായിരുന്നു. ആക്രമത്തിൽ സുന്ദർലാലിന്റെ കൈ ഒടിഞ്ഞു. സംഗീത് ഇവിടെ നിന്ന് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി സി ഐ പറഞ്ഞു

click me!