
മലപ്പുറം: മഞ്ചേരിയിൽ പശ്ചിമ ബംഗാള്‍ സ്വദേശി കഞ്ചാവുമായി പിടിയിൽ. രണ്ട് കിലോ കഞ്ചാവുമായി ജലാലുദ്ദീൻ ശൈഖ് എന്നയാളാണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ചാണ് ജലാലുദ്ദീൻ ശൈഖിനെ അറസ്റ്റ് ചെയ്തത്. ബംഗാളിൽ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് ജലാലുദ്ദീൻ ശൈഖെന്ന് എക്സൈസ് അറിയിച്ചു. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നത്.
തൊഴിലാളി ക്യാമ്പുകളിൽ മയക്കുമരുന്ന് ഉപയോഗം തടയാൻ വ്യാപക പരിശോധന നടത്തുകയാണെന്ന് എക്സൈസ് അറിയിച്ചു. ഉത്തര മേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, മഞ്ചേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എച്ച് വിനു, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ശിവപ്രകാശ് കെ എം, സിവിൽ എക്സൈസ് ഓഫീസർമാരായ രാജൻ നെല്ലിയായി, ജിഷിൽ നായർ, ശ്രീജിത്ത് ടി, സച്ചിൻ ദാസ്, അഖിൽദാസ് തുടങ്ങിയവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം