
തിരുവനന്തപുരം: ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിൽ. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ആറ് കിലോ കഞ്ചാവുമായി പ്രതികൾ തിരവനന്തപുരം സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. പ്രതികൾക്കെതിരെ നേരത്തെയും മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ചാണ് ആറ് കിലോ കഞ്ചാവുമായി തമ്പാനൂർ പനങ്ങോട് സ്വദേശി നൗഷാദ് ഖാനും വള്ളക്കടവ് സ്വദേശി മാഹിൻ കണ്ണും സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലാവുന്നത്. ഓണം പ്രമാണിച്ച് നഗരത്തിലെ വിവിധ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനായി ആന്ധ്രപ്രദേശിൽ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ തിരച്ചിൽ നടക്കുന്നതിനാൽ പൊലീസിന്റെ നെറ്റ്‌വർക്കിൽ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി വിവിധതരം യാത്ര മാർഗങ്ങൾ ഉപയോഗിച്ചാണ് പ്രതികൾ കഞ്ചാവ് കേരളത്തിലേക്കെത്തിച്ചത്.
ആന്ധ്രപ്രദേശിൽ നിന്നും പ്രതികൾ വിവിധ വാഹനങ്ങൾ മാറി കയറ്റി കഞ്ചാവ് എറണാകുളത്ത് എത്തിച്ചു. പൊലീസ് തിരിച്ചറിയാതിരിക്കാൻ യാത്രയിൽ ഉടനീളം പലപ്രാവശ്യം വേഷം മാറിയായിരുന്നു പ്രതികളുടെ സഞ്ചാരം. എറണാകുളത്ത് നിന്നും ഇന്ന് പുലർച്ചെ യൂബർ ടാക്സിയിൽ യാത്ര തിരിച്ച സംഘത്തെ കഴക്കൂട്ടത്ത് വച്ച് ഡാൻസഫ് സംഘം തടയുകയായിരുന്നു. പൊലീസിനെ തിരിച്ചറിഞ്ഞ് സംഘം അതിവേഗത്തിൽ വാഹനം ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷെ പരിശോധനയിൽ ഉണ്ടായിരുന്ന മറ്റൊരു ഡാൻസഫ് സംഘം വാഹനം കുറുകെയിട്ട് പ്രതികളെ പിടി കൂടി. രണ്ടുപേരും മുമ്പും ലഹരി കേസുകളിൽ പ്രതികളാണ് എന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam