
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു. വട്ടിയൂർക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയിൽ ഭാസ്കരൻ നായറുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകടത്തിൽ പൊള്ളലേറ്റ ഭാസ്കരൻ നായരെ നാട്ടുകാർ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഫയര്‍ഫോസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിറ്റി യൂണിറ്റിൽ നിന്നും നിലയത്തിലെ സേനാംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഗ്യാസ് ചോർന്നതിന് പിന്നാലെ ഫ്രിഡ്ജ് റീ സ്റ്റാർട്ട് ആയപ്പോഴുണ്ടായ സ്പാർക്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഫയർഫോഴ്സിന്‍റെ നിഗമനം. ഇതേസമയത്ത് വീട്ടിലുണ്ടായിരുന്ന ഭാസ്കരൻ നായർ ബഹളം വച്ചത് കേട്ടെത്തിയ നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. ഫയർ ഫോഴ്സ് എത്തിയപ്പോഴേക്കും അടുക്കള ഭാഗത്തും വർക്ക് ഏരിയയിലും തീ കത്തി കൊണ്ടിരിക്കുകയായിരുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മറ്റ് അടുക്കള സാമഗ്രികൾ എന്നിവ കത്തി നശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്‍റെ ഭിത്തി തകർത്താണ് പുറത്തേക്ക് തെറിച്ചു പോയത്. അടുക്കളക്ക് പിന്നിലുള്ള മതിലും പൊട്ടിത്തെറിയിൽ തകർന്നിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദം 300 മീറ്റർ അകലെ വരെ കേട്ടതായി നാട്ടുകാർ പറഞ്ഞു. ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam