പ്ലസ് ടൂ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി മനംനൊന്ത് കടലില്‍ ചാടി

By Web TeamFirst Published May 8, 2019, 9:30 PM IST
Highlights

കൂട്ടുകാരിയുമൊത്ത് രാവിലെ കലവൂരിലെ ആരാധനാലയത്തില്‍ പോയ ശേഷം  അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തിയതായിരുന്നു സാന്ദ്ര. 

ചേർത്തല: പ്ലസ് ടൂ പരീക്ഷയിൽ പരാജയപ്പെട്ടതില്‍ മനംനൊന്ത് കടലിൽ ചാടിയ വിദ്യാർത്ഥിനിയെ കാണാതായി. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്‍റെ മകൾ സാന്ദ്ര(17)ആണ് കടലില്‍ ചാടിയത്. അർത്തുങ്കൽ ഫിഷ്ലാന്‍റിംഗ് സെന്‍റര്‍ തെക്കേ പുലിമുട്ടിന് സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കൂട്ടുകാരിയുമൊത്ത് രാവിലെ കലവൂരിലെ ആരാധനാലയത്തില്‍ പോയ ശേഷം  അര്‍ത്തുങ്കല്‍ കടപ്പുറത്തെത്തിയതായിരുന്നു സാന്ദ്ര. അതിനിടെ പ്ലസ് ടൂ ഫലം മൊബൈൽ ഫോണിലൂടെ ഇരുവരും അറിഞ്ഞു.  ഫിസിക്സിനും കണക്കിനും സാന്ദ്ര പരാജയപ്പെട്ടിരുന്നു. മൊബൈല്‍ ഫോണുകള്‍ പഴ്സിനടിയിലാക്കി കല്ലിനടിയിലേക്ക് എറിഞ്ഞ് പുലിമുട്ടില്‍ നിന്നും ഇരുവരും ചാടുകയായിരുന്നു.  എന്നാല്‍ കൂട്ടുകാരി കല്ലില്‍ പിടിച്ച് പണിപ്പെട്ട് തിരികെ കയറി പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ സാന്ദ്ര തിരിയില്‍പ്പെട്ട് മുങ്ങി താഴ്ന്നു. അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യതൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും സാന്ദ്രയെ കണ്ടെത്തിയില്ല.

കോസ്റ്റൽ പൊലീസിന്‍റെ നേതൃതത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നും ഫിഷറീസ് വകുപ്പിന്‍റെ ബോട്ട് എത്തിച്ച് തിരിച്ചിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.മത്സ്യതൊഴിലാളകൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടരുകയാണ്.ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അർത്തുങ്കൽ പൊലീസ് കേസെടുത്തു.

click me!