മലപ്പുറത്ത് പ്ലാസ്റ്റിക്കിനെ പേടിക്കേണ്ട; 'പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം' പദ്ധതിക്ക് തുടക്കം

By Web TeamFirst Published Nov 16, 2019, 7:13 PM IST
Highlights

ജില്ലാ കലക്ടർ മാലിന്യമടങ്ങിയ കവര്‍ പി ഉബൈദുല്ല എം എൽ എ ഏൽപ്പിച്ചു. പ്ലാസ്റ്റിക് സ്വീകരിച്ച എം എൽ എ ഭക്ഷണം കലക്ടർക്ക് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

മലപ്പുറം: ജില്ലാ ഭരണകൂടത്തിന്‍റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ 'പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം' എന്ന പദ്ധതിക്ക് തുടക്കമായി. ക്യാൻസർ രോഗത്തിനടക്കം കാരണമാകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിലെത്തിച്ചാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പകരം ഭക്ഷണ പാക്കറ്റ് നൽകുന്നതാണ് പദ്ധതി.

നഗരസഭാ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ ജാഫർ മലിക് ഔദ്യോഗിക വാഹനത്തിൽ മാലിന്യമടങ്ങിയ കവറുമായി നഗരസഭയിലെ എം ആർ എഫ് യൂനിറ്റായ 'ഖനി'യിലെത്തി പി ഉബൈദുല്ല എം എൽ എ ഏൽപ്പിച്ചു. പ്ലാസ്റ്റിക് സ്വീകരിച്ച എം എൽ എ ഭക്ഷണം കലക്ടർക്ക് നൽകി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നഗരസഭയിലെ ഖനിയിലെത്തിച്ചാൽ ഉച്ചക്ക് ഭക്ഷണം നൽകുന്നതാണ് പദ്ധതി.

ഉച്ചക്ക് 12.30 മുതൽ ഒന്നരവരെയുള്ള സമയത്ത് പദ്ധതിക്കുള്ള സംവിധാനം ഉണ്ടാകുമെന്ന് നഗരസഭ ചെയർപേഴ്സൻ സി എച്ച് ജമീല ടീച്ചർ അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗൺ മുതൽ കോട്ടപ്പടി വരെ കൗൺസിലർമാർ, ജീവനക്കാർ, ഗവ. കോളജിലെ എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ചു. പദ്ധതിയുടെ എംബ്ലം രൂപകൽപ്പന ചെയ്ത നവാസ് കോണോംപാറക്ക് കലക്ടർ ഉപഹാരം നൽകി.

 

click me!