മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം; കെഎംഎംഎല്ലിന് മുന്നില്‍ ജനകീയ സമരം

By Web TeamFirst Published Oct 1, 2019, 4:29 PM IST
Highlights

പുലർച്ചെ നാലുമണി മുതലാണ് ചിറ്റൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങിയത്. പല ഷിഫ്റ്റുകളിലായി ജോല്ലിക്കെത്തിയവരെ കെഎംഎംഎല്ലില്‍ കയാറാന്‍ സമരസമിതി അനുവദിച്ചില്ല.

കൊല്ലം: ചവറ കെഎംഎംഎല്‍ പ്രദേശവാസികൾ ഉപരോധിച്ചു. കെഎംഎംഎല്ലില്‍ നിന്ന് ഒഴുക്കിവിട്ട രാസമാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാൻ വൈകുന്നതിലായിരുന്നു പ്രതിഷേധം. പുലർച്ചെ നാലുമണി മുതലാണ് ചിറ്റൂര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഉപരോധം തുടങ്ങിയത്. പല ഷിഫ്റ്റുകളിലായി എത്തിയവരെ ജോലിക്കു കയറാൻ അനുവദിച്ചില്ല. കഴി‍ഞ്ഞ 60 ദിവസമായി പ്രദേശവാസികളുടെ കൂട്ടായ്മയായ ചിറ്റൂര്‍ സമരസമിതി കെഎംഎംഎല്ലിന് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്തുകയാണ്.

ഫാക്ടറിയിൽ നിന്നൊഴുക്കിവിട്ട രാസ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന 183 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാനായി സര്‍ക്കാര്‍ വിജ്‍ഞാപനമിറക്കിയത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുകയ്ക്ക് സ്ഥലം കൈമാറാൻ സ്ഥലമുടമകൾ സമ്മതപത്രവും നല്‍കിയിരുന്നു. എന്നാല്‍ വിജ്‍‍ഞാപനമിറങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടികളൊന്നുമായില്ല. രാസമാലിന്യ സാന്നിധ്യം കാരണം പ്രദേശവാസികള്‍ക്ക് പലര്‍ക്കും ഗുരുതര രോഗങ്ങളുമുണ്ടായി. ഇതേ തുടര്‍ന്നാണ് സമര സമിതി പ്രതിഷേധം ശക്തമാക്കിയത്. 740 കുടുംബങ്ങളാണ് രാസമാലിന്യത്തിന്‍റെ ദുരിതം പേറി ഇവിടെ കഴിയുന്നത് .


click me!