ഒന്നരക്കോടിക്കും കര്‍ഷക സ്വപ്നങ്ങള്‍ക്കും ഒരു വിലയുമില്ലേ?വാക്കുമറന്ന സര്‍ക്കാരുകള്‍, തകഴി റൈസ് മില്ലിന്‍റെ കഥ

By Web TeamFirst Published Jul 16, 2022, 10:31 AM IST
Highlights

ഖജനാവില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടവും യന്ത്രസാമഗ്രികളും കാട് കയറി നശിച്ച നിലയിലാണ്. സ്വകാര്യ കുത്തക മില്ലുടമകളുടെ സ്വാധീനമാണ് പദ്ധതി അട്ടമറിച്ചതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

ആലപ്പുഴ: കുട്ടനാട്ടിലെ (Kuttanad) കര്‍ഷകരെ (Farmers) സ്വകാര്യ മില്ലുടകളുടെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുമെന്ന് ഉറപ്പ് പറഞ്ഞ് രണ്ട് പതിറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത തകഴി മോഡേണ്‍ റൈസ് മില്‍ (Thakazhi Modern Rice Mill) ഒരു ദിവസം പോലും പ്രവര്‍ത്തിപ്പിക്കാതെ ഉപേക്ഷിച്ചു. ഖജനാവില്‍ നിന്ന് ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച കെട്ടിടവും യന്ത്രസാമഗ്രികളും കാട് കയറി നശിച്ച നിലയിലാണ്. സ്വകാര്യ കുത്തക മില്ലുടമകളുടെ സ്വാധീനമാണ് പദ്ധതി അട്ടമറിച്ചതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

2000 ഫെബ്രുവരിയില്‍ കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് വന്‍ മോഹങ്ങള്‍ നല്‍കിയാണ് തകഴിയില്‍ മോഡേണ്‍ റൈസ് മില്ലിന് തറക്കല്ലിടുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് അരിയാക്കി മാറ്റുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയത്. ഇതുവഴി ഇടനിലക്കാരുടെയും സ്വകാര്യ മില്ലുടമകളുടെയും ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കുമെന്നായിരന്നു നായനാര്‍ സര്‍ക്കാരിന‍്റെ പ്രഖ്യാപനം. പ്രതിദിനം 40 ടണ്‍ നെല്ല് അരിയാക്കുമെന്നും കര്‍ഷകര്‍ക്ക് വാക്ക് നല്‍കി.

ഒന്നേമുക്കാല്‍ കോടിയാണ് റൈസ് മില്ലിനായി ബജറ്റില്‍ അനുവദിച്ചത്. ഒന്നരക്കോടി രൂപ ചെലവിട്ട് കെട്ടിടം പണിയും പൂര്‍ത്തിയാക്കി. തുടര്‍ന്ന് യന്ത്രങ്ങളും വാങ്ങിക്കൂട്ടി. പക്ഷേ, പിന്നെ ഒന്നും നടന്നില്ല. കെട്ടിടം കാട് കയറി നശിച്ചു. മില്ലിനായി കര്‍ഷകര്‍ പിന്നെയും മുറവിളി കൂട്ടിയതോടെ 2007ല്‍ കൃഷ്ണന്‍ കണിയാംപറമ്പില്‍ ഒരു വട്ടം കൂടി ഉദ്ഘാടനം നടത്തി. നിര്‍മാണോദ്ഘാടനം എന്ന് പേരുമിട്ടു. പക്ഷേ കഥ പഴയത് തന്നെയായി തുടര്‍ന്നു.

ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ യന്ത്രങ്ങള്‍ 2018ലെ മഹാപ്രളയത്തില്‍ നശിക്കുകയും ചെയ്തു. ഇതോടെ മില്ലിന്‍റെ പതനം പൂര്‍ണമായി. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് നബാര്‍ഡിന്‍റെ സഹായത്തോടെ മില്ല് പ്രവര്‍ത്തിപ്പിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു. അതും ജലരേഖയായി മാറിയെന്ന് മാത്രം. ആലുവ ,പെരുമ്പാവൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യമില്ലുടമകളാണ് പദ്ധതി അട്ടിമറിച്ചതിന് പിന്നിലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കേരളത്തിന്‍റെ നെല്ലറയായ കുട്ടനാട്ടില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മില്ല് തുടങ്ങിയാല്‍ തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അത് ബാധിക്കുമെന്ന തിരിച്ചറിവായിരുന്നു അട്ടിമറിക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്. 

click me!