18 മാസത്തിൽ പൂർത്തിയാക്കും, മേലൂർ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് റിയാസ്

Published : Feb 27, 2025, 08:13 PM ISTUpdated : Mar 01, 2025, 10:56 PM IST
18 മാസത്തിൽ പൂർത്തിയാക്കും, മേലൂർ ശിവക്ഷേത്രം പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയെന്ന് റിയാസ്

Synopsis

ഊട്ടുപുര നിര്‍മ്മാണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 1.72 കോടി

കണ്ണൂര്‍: മേലൂര്‍ ശിവക്ഷേത്രത്തില്‍ ഊട്ടുപുരയും ആധുനിക അടുക്കളയും ശൗചാലയങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ടൂറിസം വകുപ്പിന്‍റെ പദ്ധതിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്‍റെ പച്ചക്കൊടി. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 1.72 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 18 മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മത വൈവിധ്യത്തിനും സൗഹാര്‍ദ്ദത്തിനും പേരുകേട്ട കേരളത്തിന് പുരാതനവും സമകാലികവുമായ കലകളുടെയും ആചാരങ്ങളുടേയും സമൃദ്ധമായൊരു പാരമ്പര്യമുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

സംസ്ഥാനത്തുടനീളമുള്ള പൈതൃക സമ്പന്നമായ കെട്ടിടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ നമ്മുടെ പാരമ്പര്യത്തെ ചേര്‍ത്തു പിടിക്കുകയാണ്. സംസ്ഥാനത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ മേലൂര്‍ ശിവക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യവികസനം സാധ്യമാകുന്നതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലബാര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള മേലൂര്‍ ശിവക്ഷേത്രം കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള ധര്‍മ്മടത്താണ് സ്ഥിതി ചെയ്യുന്നത്.

റെയിൽവേ മേല്‍പ്പാലത്തിനടിയിൽ ഒരു പൊതു ഇടം; ചെലവ് 2 കോടി, കൊല്ലത്തെ 'വീ' പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും

അതിനിടെ കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ടൗണ്‍ഹാളിന് എതിര്‍വശം റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ഒരുക്കിയ 'വീ' പാര്‍ക്ക് മാര്‍ച്ച് 1  ന് രാവിലെ 10.30 ന് ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും എന്നതാണ്. സംസ്ഥാനത്തെ മേല്‍പാലങ്ങളുടെ അടിവശം സൗന്ദര്യവത്കരിക്കുന്ന പദ്ധതികളില്‍ ആദ്യത്തേതാണ് എസ് എന്‍ കോളേജ് ജം​ഗ്ഷന് സമീപം യാഥാര്‍ഥ്യമാകുന്നത്. ടൂറിസം വകുപ്പ് രണ്ട് കോടി രൂപ ചെലവിട്ടാണ് പാര്‍ക്ക് ഒരുക്കിയത്. ഉപയോഗപ്പെടാതെ കിടക്കുന്ന പ്രദേശങ്ങള്‍ ജനസൗഹൃദ മാതൃകാ പൊതു ഇടങ്ങളായി മാറ്റിയെടുക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ്‌കുമാര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ ഹണി ബെഞ്ചമിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എം.ഡി ഡോ. കെ. മനോജ്കുമാര്‍ പദ്ധതി വിശദീകരിക്കും. ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍, ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്, സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി