ഉരുൾപൊട്ടലിനെ തുടർന്ന് ഉൾവനത്തിലകപ്പെട്ട ചോലനായ്ക്കര്‍ മുത്തശ്ശിയെ രക്ഷപ്പെടുത്തി

By Web TeamFirst Published Aug 17, 2019, 3:00 PM IST
Highlights

കേരള തമിഴ്നാട് അതിര്‍ത്തിയിലെ കിളിയന്‍ട്രാക്ക് ആദിവാസി കോളനിയിലാണ് കല്ല്യാണി മുത്തശ്ശി ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിയത്. 

മലപ്പുറം: ഉരുൾപൊട്ടലിനെ തുടർന്ന് ഉൾവനത്തിലകപ്പെട്ട മുത്തശ്ശിയെ രക്ഷപ്പെടുത്തി. മലപ്പുറത്ത് നിന്നുള്ള എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സാണ് മുത്തശ്ശിയുടെ രക്ഷകരായത്.

ലോകത്തിലെ തന്നെ വിരളമായ ആദിവാസി ഗോത്ര വിഭാഗമാണ് ചോലനായ്ക്കര്‍. കേരള തമിഴ്നാട് അതിര്‍ത്തിയിലെ കിളിയന്‍ ട്രാക്ക് ആദിവാസി കോളനിയിലാണ് കല്ല്യാണി മുത്തശ്ശി ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിയത്. ഗുഹകളില്‍ താമസിച്ച് വരുന്ന ചോലനായ്ക്കര്‍ വിഭാഗം, ഉള്‍ക്കാട്ടില്‍ ഉരുള്‍പൊട്ടിയതോടെ മറ്റ് പ്രദേശത്തേക്ക് മാറി. മകൾ സരോജവും കുടുംബവും നിലമ്പൂരില്‍ വീട്ടുജോലിക്ക് വന്നിരുന്നതിനാല്‍ കല്ല്യാണി മുത്തശ്ശി ആരും തുണയില്ലാതെ ഒറ്റപ്പെട്ടു.

സരോജം നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് സംഘം കാട്ടുപാതയിലൂടെ രക്ഷകരായി എത്തിയത്. കല്യാണിയുടെ ഭര്‍ത്താവ് ചെറുമാതവന്‍ മുമ്പ് ഊര് മൂപ്പനായിരുന്നു. നിലമ്പൂരിലെ സന്നദ്ധസംഘടന ഒരുക്കിയ വീട്ടിലാണ് കല്യാണി ഇപ്പോള്‍. കാടിന്‍റെ ശോഭയില്ലെങ്കിലും നാട്ടില്‍ നിന്നുള്ളവര്‍ രക്ഷകരായി എത്തിയതിന്‍റെ ആശ്വാസത്തിലാണ് ചോലനായ്ക്കര്‍ മുത്തശ്ശി.

click me!