
തിരുവനന്തപുരം: മരുന്നിനും ചികിത്സക്കും വേണ്ടി എച്ച്ഐവി ബാധിതർക്ക് സർക്കാർ പ്രതിമാസം നൽകി വരുന്ന ആയിരം രൂപ വീതമുള്ള ധനസഹായം അഞ്ച് മാസമായി മടങ്ങിയെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ.ബൈജു നാഥ് ഉത്തരവിട്ടു.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംസ്ഥാനത്ത് പതിനായിരത്തോളം എച്ച്ഐവി ബാധിതരുണ്ടെന്നാണ് റിപ്പോർട്ട്. ഫണ്ടില്ലെന്ന് പറഞ്ഞാണ് ധനസഹായം നിഷേധിക്കുന്നതെന്ന് പറയുന്നു. ഇക്കൊല്ലം ഏപ്രിൽ മുതലുള്ള തുകയാണ് അനുവദിക്കാനുള്ളത്. അതേസമയം, ഹൃദ്രോഗിയായ വ്യക്തിയുടെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ പ്രതിക്ക് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ച കൊല്ലം (റൂറൽ) ജില്ലാ പൊലീസ് മേധാവിയെയും ചിതറ എസ്എച്ച്ഒയെയും മനുഷ്യാവകാശ കമ്മീഷൻ വിമര്‍ശിച്ചു.
പരാതി ശരിയല്ലെന്ന് സ്ഥാപിക്കാൻ ചിതറ എസ്എച്ച്ഒയും പ്രസ്തുത റിപ്പോർട്ടിനെ കണ്ണടച്ച് പിന്താങ്ങുന്ന കൊല്ലം (റൂറൽ) ജില്ലാ പൊലീസ് മേധാവിയും ആശ്ചര്യപ്പെടുത്തുന്നതായി കമ്മീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. ഉത്തരവ് ലഭിച്ച് രണ്ടാഴ്ചയ്ക്കകം ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥനെ നിയോഗിച്ച് ജാതീയ അധിക്ഷേപത്തെയും മർദ്ദനമേറ്റെന്ന ആരോപണത്തെയും കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി അറിയിക്കണമെന്ന് കമ്മീഷൻ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മതിയായ ജാഗ്രത പുലർത്തണമെന്നും ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. ചിതറ ദർപ്പക്കാട് വയലിക്കട ഗോകുലത്തിൽ അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. തന്നെ അയൽവാസി മർദ്ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. പരാതി കളവാണെന്ന് റൂറൽ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. എന്നാൽ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതിക്കാരൻ കൃത്യമായി മൊഴി നൽകിയിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം