മലപ്പുറത്ത് ആഡംബരകാറിലെത്തിയ അഞ്ചംഗസംഘം ഫുള്‍ ടാങ്ക് ഡീസലടിച്ച്‌ പണം നല്‍കാതെ മുങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By Web TeamFirst Published Feb 12, 2019, 3:36 PM IST
Highlights

മലപ്പുറത്ത് ഇന്ധനം നിറച്ച് പണം നല്‍കാതെ കടന്നു കളഞ്ഞു. 3500 രൂപക്കാണ് ഇവര്‍ ഡീസല്‍ നിറച്ചത്. ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല.

മലപ്പുറം: വളാഞ്ചേരിയില്‍ ആഡംബര വാഹനത്തിലെത്തിയ സംഘം ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ കബളിപ്പിച്ച്  കടന്നുകളഞ്ഞു. പമ്പ് ജീവനക്കാരൻ വാഹനത്തിന് പിന്നാലെ പാഞ്ഞെങ്കിലും സംഘത്തെ പിടികൂടാനായില്ല.

വളാഞ്ചേരിക്ക് സമീപം കരിപ്പോളില്‍ ദേശീയപാതയോരത്തുള്ള വരദ ഫ്യുവല്‍സിലാണ് സംഭവം. പുലര്‍ച്ചെ 1.45നാണ് തൃശ്ശൂര്‍ ഭാഗത്തുനിന്ന് എത്തിയ വാഹനം പമ്പില്‍ കയറിയത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. 3500 രൂപക്ക് ഡീസല്‍ നിറച്ച ശേഷം സംഘം എടിഎം കാര്‍ഡിനോട് സാമ്യം തോന്നുന്ന കാര്‍ഡ് പമ്പ് ജീവനക്കാരന് ഹുസൈന് കൈമാറുകയും ചെയ്തു. എടിഎം കാര്‍ഡല്ലെന്ന് വ്യക്തമായ ഹുസൈൻ ഇത് തിരിച്ചുനല്‍കി. തൊട്ടുപിന്നാലെ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. ജീവനക്കാര്‍ പിന്നാലെ ഓടിയെങ്കിലും കോഴിക്കോട് ഭാഗത്തേക്ക് കാര്‍ അമിതവേഗതയില്‍ പാഞ്ഞുപോവുകയായിരുന്നു.

വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. പമ്പിലെ സിസിടിവിയില്‍ കാറിന്‍റെ നമ്പര്‍ വ്യക്തമല്ല. സമീപത്തെ കടകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പൊലീസ്.

click me!