ഗുണ്ടുമലയിലെ മരണങ്ങളില്‍ ദുരൂഹത നിറയുന്നു ; എസ്റ്റേറ്റ് നിവാസികൾ ആശങ്കയിൽ

By Web TeamFirst Published Feb 8, 2020, 12:42 PM IST
Highlights

ഇവിടത്തെ പ്രദേശവാസികൾ ആശങ്കയിലാണ്. മൂന്ന് വർഷത്തിനിടയിൽ ദുരൂഹസാഹചര്യത്തിലുള്ള നാല് മരണങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

ഇടുക്കി: മൂന്നാറിലെ ​ഗുണ്ടുമല എസ്റ്റേറ്റിൽ ദുരൂഹ മരണങ്ങൾ സംഭവിക്കുന്നതായി  റിപ്പോർട്ട്. മൂന്നാറിൽ നിന്ന് 32 കിലോമീറ്റര്‍ അകലെ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശമാണിത്. സംഭവത്തെ തുടര്‍ന്ന് ഇവിടത്തെ പ്രദേശവാസികൾ ആശങ്കയിലാണ്. മൂന്ന് വർഷത്തിനിടയിൽ ദുരൂഹസാഹചര്യത്തിലുള്ള നാല് മരണങ്ങളാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ അന്‍പരസി എന്ന എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ മരണത്തിന്റെ ദുരുഹതകൾ നിലനിൽക്കേ, മുതിരപ്പുഴയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

2017 ഫെബ്രുവരി 14 ന് ഗുണ്ടുമ ബെന്‍മോര്‍ ഡിവിഷനിലുള്ള ശിശുപരിപാലന കേന്ദ്രത്തിലെ ആയയായ രാജഗുരുവിനെ പിഞ്ചുകുരുന്നുകളുടെ കണ്‍മുന്നില്‍ വച്ചാണ് അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. ഏറെക്കാലത്തെ അന്വേഷണത്തിന് ശേഷം ഒരു വര്‍ഷത്തിനപ്പുറം സംഭവത്തിലെ പ്രതിയെ കണ്ടുപിടിച്ചു. സ്വന്തം മാതാവിനെ കൊന്നതിന്റെ പേരില്‍ 2018 മെയ് 2 ന് രാജഗുരുവിന്റെ മകന്‍ രാജ്കുമാറിനെ പോലീസ് പിടികൂടുകയും ചെയ്തു. രാജഗുരുവിന്റെ മരണത്തിനു തൊട്ടുപിന്നാലെ ഫെബ്രുവരി 2 ന് ഗുണ്ടുമലയിലെ കൊടും വനത്തിനുള്ളില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

2019 സെപ്റ്റംബര്‍ 9 നാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്‍പരസി എസ്റ്റേറ്റ് ലയത്തിലെ വീട്ടിനുള്ളില്‍ കഴുത്തില്‍ കയര്‍ മുറുകി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൊലപാതകമാണെന്നുള്ള സൂചനകള്‍ ഉണ്ടായിരുന്നു. കുട്ടി മരിക്കുന്നതിനു മുമ്പ് പീഡിപ്പിക്കപ്പെട്ടിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാൽ ഈ കൊലപാതകത്തിലെ ദുരൂഹതകള്‍ കണ്ടെത്താൻ പോലീസിനായിട്ടില്ല. കഴിഞ്ഞ ദിവസം മുതിരപ്പുഴയാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഗുണ്ടുമല നിവാസികൾ വീണ്ടും ആശങ്കയിലും ഭീതിയിലുമാണ്. 

click me!