ഹർത്താൽ: മൂന്നാറിൽ ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം

By Web TeamFirst Published Oct 18, 2018, 11:00 AM IST
Highlights

ഹർത്താലിനോടനുബന്ധിച്ച് മൂന്നാറിൽ ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. നീലക്കുറുഞ്ഞി ആസ്വാദിക്കാൻ ആയിരക്കണക്കിന് സന്ദർശകര്‍ എത്തിയെങ്കിലും അവരെ പാർക്കിലേക്ക് കടക്കാൻ അനുവദിച്ചില്ല. 

ഇടുക്കി: ശബരിമല കര്‍മ്മസമിതിയുടെ ഹർത്താലിനോടനുബന്ധിച്ച് മൂന്നാറിൽ ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. നീലക്കുറുഞ്ഞി ആസ്വാദിക്കാൻ ആയിരക്കണക്കിന് സന്ദർശകര്‍ എത്തിയെങ്കിലും അവരെ പാർക്കിലേക്ക് കടക്കാൻ അനുവദിച്ചില്ല. മൂന്നാർ ടൗണിൽ കൂട്ടമായെത്തിയ പ്രവർത്തകർ മാധ്യമ പ്രവർത്തകരുടെയടക്കം വാഹനങ്ങളും തടഞ്ഞു. സമരക്കാരെ നിലക്കുനിർത്താൻ പൊലീസ് ശ്രമിച്ചെങ്കിലും നടപ്പിലായില്ല. 

(മൂന്നാറിലെ ഹോട്ടലിലെത്തിയ വിദേശികളെ സമരക്കാർ ഭീഷണിപ്പെടുത്തുന്നു)

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ഹർത്താൽ മൂന്നാറിലെത്തിയ സന്ദർശകരിൽ പലരും അറിഞ്ഞിരുന്നില്ല. ഇന്നലെ രാത്രിയോടെയാണ് ബി.ജെ.പി. പ്രവർത്തകർ ടൗൺ മേഖല കേന്ദ്രീകരിച്ച് കടകൾ അടക്കണമെന്ന് നിർദ്ദേശം നൽകിയത്. ഇവരുടെ അക്രമം ഭയന്ന് കടകൾ തുറന്നില്ലെങ്കിലും വാഹനങ്ങൾ നിലത്തിലിറങ്ങി.

(രാജമല ടിക്കറ്റ് കൗണ്ടറിലേക്ക് കടന്ന സമരക്കാരെ പൊലീസ് തടയുന്നു)

ആയുധ പൂജയോട് അനുബന്ധിച്ച് ടാക്സി ഓട്ടോ സ്റ്റാൻറുകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. എന്നാൽ എട്ടു മണിയോടെയെത്തിയ ബി.ജെ.പി പ്രവർത്തകർ ഇരുചക്രവാഹനങ്ങളടക്കം തടയുകയായിരുന്നു. നീലക്കുറുഞ്ഞി വസന്തം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ രാജമല സന്ദർശിക്കുവാൻ ആയിരങ്ങളാണ് എത്തുന്നത്. ഓൺലൈന്‍ മുഖേന ടിക്കറ്റുകൾ ബുക്ക് ചെയ്ത് എത്തിയവർക്ക് ഹർത്താൽ തിരിച്ചടിയാവുകയും ചെയ്തു. ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരുടെ വാഹനങ്ങളും സമരക്കാർ തടയുകയും ചെയ്തു.

click me!