
ആലപ്പുഴ: കൊയ്ത്തു പാട്ടിന്റെ താളത്തിനൊപ്പം കുട്ടികർഷകർ കൊയ്തെടുത്തത് നൂറുമേനി വിളവ്. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ പുഞ്ചകൃഷി വിളവെടുപ്പിൽ കുട്ടികൾക്കൊപ്പം ജന പ്രതിനിധികൾ കൂടി ചേർന്നപ്പോൾ കൊയ്ത്തുത്സവം ആവേശമായി. അമ്പനാകുളങ്ങര തെക്കേക്കരി പാടശേഖരത്തിലെ കൊയ്ത്തുത്സവവും സ്കൂൾ വിദ്യാർത്ഥികൾക്കായി പഞ്ചായത്ത് നടപ്പാക്കിയ 'വയൽ പച്ച' പദ്ധതിയുടെ സമാപനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവഹിച്ചു.
14 ഹെക്ടറിലാണ് മണ്ണഞ്ചേരി പഞ്ചായത്ത് പുഞ്ചകൃഷി ഇറക്കിയത്. കൃഷിയുടെ ആദ്യ ദിനം മുതൽ 'വയൽ പച്ച' പദ്ധതിയിലെ 22 കുട്ടി കർഷകരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഞാറ് നടീലിനും കുട്ടികൾക്കുള്ള കൃഷി പരിപാലന ക്ലാസിനുമായി മുതിർന്ന കർഷകരും സ്ത്രീ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായി. കൃഷി ഉദ്യോഗസ്ഥ രാജിയുടെ നേതൃത്വത്തിലായിരുന്നു കുട്ടി കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പുഞ്ചകൃഷി.
കഴിഞ്ഞ നവംബർ മാസത്തിലാണ് തെക്കേക്കരിയിൽ കൃഷിയിറക്കിയത്. കുട്ടികളുടെ കൊയ്ത്തുത്സവത്തിന് സാക്ഷ്യം വഹിക്കാൻ പ്രദേശവാസികളും എത്തിയിരുന്നു. വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ രണ്ടു തവണയും കൃഷി നശിച്ച് പോയിടത്തു നിന്നാണ് ഇത്തവണ നൂറുമേനി കൊയ്യാനായതെന്നു കര്‍ഷകർ പറഞ്ഞു.
കനത്ത വെയിലും, വെള്ളം കിട്ടാതെ വരികയും ചെയ്താൽ കൃഷി നശിപ്പിച്ചു പോകുമെന്ന ആശങ്കയിൽ കൃഷിയുടെ തുടക്കത്തിൽ ഉണ്ടായിരുന്നവർ പലരും പാതിവഴിയിൽ പിന്മാറിയിരുന്നു. ജില്ലാ പഞ്ചായത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പിന്തുണയാണ് കൃഷിയുമായി മുന്നോട്ടു പോകാൻ കർഷകർക്ക് കൈത്താങ്ങായത്. വയൽ പച്ച പദ്ധതിയിൽ പങ്കാളികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam