
ചേർത്തല: കൃഷിമന്ത്രി പി പ്രസാദിന്റെ പുരയിടത്തിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. മന്ത്രിയുടെ വസതിക്ക് സമീപമുള്ള തെക്കേ ഉള്ളാടംപറമ്പ് ജാനകി, മരുത്തോർവട്ടം സ്നേഹവീട്ടിൽ പത്മാക്ഷി എന്നിവർ ചേർന്നാണ് വിളവെടുപ്പ് ഉദ്ഘാടനം നടത്തിയത്.
ഏകദേശം 30 സെന്റിൽ മഞ്ഞ, വെള്ള, ഓറഞ്ച് നിറങ്ങളിൽ 3000ത്തോളം ബന്തി ചെടികളാണ് കൃഷി ചെയ്തിരുന്നത്. ഓണം സീസൺ മുന്നിൽ കണ്ട് പച്ചക്കറി കൃഷിക്ക് ഇടവേള നൽകിയാണ് മന്ത്രി പൂക്കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ കൊല്ലത്തെ മികച്ച വിളവും ലാഭവും വീണ്ടും കൃഷി ചെയ്യുന്നതിന് ഊർജ്ജമായതായി മന്ത്രി പറഞ്ഞു.
മന്ത്രിയുടെ പുഷ്പകൃഷിയോടെ നിരവധിപേരാണ് ചേർത്തലയിൽ പുഷ്പകൃഷിയിലേക്ക് തിരിഞ്ഞത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭർഗ്ഗവൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സ്വപ്ന ഷാബു, ജി ശശികല, ഓമനബാനർജി, ടി എസ്. ജാസ്മിൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ടി എസ് അജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എൻ ടി റെജി, എം സന്തോഷ് കുമാർ, ഷൈമോൾ കലേഷ്, എം ജി നായർ, ബി. വിനോദ്, സീമ ഷിബു, സ്മിത എ സി, കനകമ്മ മധു, എ അജി എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam