കനത്തമഴയില്‍ കെഎസ്ഇബിക്ക് നഷ്ടം കോടികള്‍; വിശ്രമമില്ലാതെ ജീവനക്കാരും കരാര്‍ തൊഴിലാളികളും

By Web TeamFirst Published Aug 12, 2019, 7:49 PM IST
Highlights

 ജീവനക്കാര്‍ അവധി പോലും എടുക്കാതെ കഴിയാവുന്നത്ര സമയം തകരാറുകള്‍ പരിഹരിക്കുകയാണ്. 

കല്‍പ്പറ്റ: കനത്തമഴയില്‍ കെ.എസ്.ഇ.ബിക്ക് സംസ്ഥാനത്താകെ 133 കോടി രൂപയുടെ നാശനഷ്ടം. വനയാട് ജില്ലയില്‍ ഏകദേശം 3.13 കോടി രൂപയുടെ നാശനഷ്ടമെന്നാണ് കണക്ക്. പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ചാണ് ഇത്രയും  രൂപയുടെ നഷ്ടം ബോര്‍ഡ് കണക്കാക്കിയത്. 

കനത്തമഴയില്‍  ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ 744 ട്രാന്‍സ്‌ഫോമറുകള്‍ കേടുവന്നു. ആകെ 1,46,965 ഗുണഭോക്താക്കളെ വൈദ്യുതി തടസ്സം നേരിട്ടു ബാധിച്ചു. ഇന്നലെ രാവിലെയോടെ തകരാറുകള്‍ ഏറെക്കുറെ പരിഹരിച്ചെങ്കിലും 241 ട്രാന്‍സ്‌ഫോമറുകളുടെ അറ്റകുറ്റ പ്രവര്‍ത്തികള്‍ അവശേഷിക്കുന്നുണ്ട്. മുപ്പത്തിയേഴായിരത്തോളം ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ വൈദ്യുതി ഇല്ല. വരും ദിവസങ്ങളില്‍ ഇത് കൂടി പരിഹരിക്കും. നിലവില്‍ ജീവനക്കാര്‍ അവധി പോലും എടുക്കാതെ കഴിയാവുന്നത്ര സമയം തകരാറുകള്‍ പരിഹരിക്കുകയാണ്. 

എന്നാല്‍ പ്രതികൂല കാലാവസ്ഥ പ്രവൃത്തിക്ക് തടസമാകുന്നുണ്ട്. മഴദുരിതം ആദ്യം നേരിട്ട വെള്ളമുണ്ട, കോറോം മേഖലകളില്‍ പലയിടത്തും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സെക്ഷന്‍ ഓഫീസുകളിലേക്ക് സബ് സ്‌റ്റേഷനില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള പോസ്റ്റുകള്‍ തകര്‍ന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുകയാണ്. 

വിവിധ സ്ഥലങ്ങളിലായി ഏകദേശം 139 ഓളം ഡൗണ്‍ കെ.വി പോസ്റ്റുകളും 600 ഓളം എല്‍.ടി പോസ്റ്റുകളും തകരാറിലാണ്. കൂടാതെ 139 എച്ച്.ടി ലൈനകള്‍ക്കും 504 എല്‍.ടി ലൈനുകള്‍ക്കും ജില്ലയില്‍ നാശനഷ്ടം നേരിട്ടുണ്ട്. പ്രശ്‌നങ്ങള്‍ക്കിടയിലും തവിഞ്ഞാല്‍, മാനന്തവാടിയുടെ പകുതി ഭാഗം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. 

click me!