
കോഴിക്കോട്: പനങ്ങാട് പഞ്ചായത്തിലെ ഭൂരഹിതരായ വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ സഹായവുമായി ദമ്പതികള്‍. പനങ്ങാട് പഞ്ചായത്തിലെ പുന്നത്തറ മലയില്‍ കുഞ്ഞിക്കണ്ണനും ഭാര്യ വിലാസിനിയും ചേര്‍ന്നാണ് ഭൂമിയുടെ രേഖകള്‍ ബാലുശ്ശേരി എം.എല്‍.എ. പുരുഷന്‍ കടലുണ്ടിക്ക് കൈമാറിയത്. വിലാസിനിയുടെ പേരില്‍ കുറുമ്പൊയില്‍ എന്ന പ്രദേശത്തുള്ള ഇരുപത് സെന്‍റ് ഭൂമിയാണ് ഇതിനായി നല്‍കിയത്.
പഞ്ചായത്തിലെ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയായ ഭവനങ്ങളുടെ താക്കോല്‍ ദാനവും പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്‍റെ ആദ്യ ഗഡുവിതരണവും നടത്താനായി അറപ്പീടികയിലെ ബി.വണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വെച്ചായിരുന്നു നാടിന് മാതൃകയായ ഈ ദാനം.
പനങ്ങാട് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ 119 ഭവനങ്ങളുടെ പണി പൂര്‍ത്തിയായി. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമാഹരിച്ച ആദ്യ ഗഡുവായ ഒമ്പത് ലക്ഷം രൂപ, പഞ്ചായത്ത് പ്രസിഡണ്ട് വി.എം.കമലാക്ഷി, സെക്രട്ടറി കെ.അബ്ദുറഹീം എന്നിവര്‍ ചേര്‍ന്ന് എം.എല്‍.എക്ക് കൈമാറി.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.സി പുഷ്പ, കോട്ടയില്‍ മുഹമ്മദ്, എല്‍.വി. വിലാസിനി, ഗ്രാമപഞ്ചായത്ത് അംഗം ഷൈമ കോറോത്ത്, വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളായ ആര്‍.കെ. മനോജ് ,ഇസ്മയിൽ രാരോത്ത്, ബാബുരാജ് അമ്പാടി, ഷാനവാസ് കുറുമ്പൊയില്‍, പി. ഉസ്മാൻ, കെ അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍ സ്വാഗതവും സെക്രട്ടറി കെ. അബ്ദുൽ റഹിം നന്ദിയും പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam