
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഹൈടെക് മോർച്ചറി തയ്യാറായി. അത്യാധുനിക സൗകര്യങ്ങളുള്ള മോർച്ചറി ആരോഗ്യമന്ത്രി കെ കെ ഷൈലജ ഇന്ന് ഉദ്ഘാടനം ചെയ്യും.
മൃതദേഹം അഴുകാതെ ദീർഘകാലം സൂക്ഷിക്കാനാവുന്ന 48 ചേംബറുകൾ, ഒരേസമയം മൂന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനാവുന്ന ടേബിളുകൾ, പഴക്കം ചെന്നതും ജീർണിച്ചതുമായ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനായി പ്രത്യേക സൗകര്യം തുടങ്ങിവയാണ് ഹൈടെക് മോർച്ചറിയുടെ പ്രത്യേകതകൾ.
18 ചേംബറുകളുള്ള നിലവിലെ മോർച്ചറിയുടെ പരിമിതികൾ മറികടക്കുന്നതാണ് പുതിയ മോർച്ചറി. ദുർഗന്ധം തങ്ങി നിൽക്കാതിരിക്കാനായി പ്രത്യേക രീതിയിലാണ് നിർമാണം. മുപ്പത് കോടി രൂപയിലധികം മുടക്കി പൂർത്തിയാക്കിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് മോർച്ചറി ഒരുക്കിയിരിക്കുന്നത്.
പരീക്ഷണഘട്ടത്തിൽ മുറികളിൽ നിന്ന് വെള്ളം ഒഴുകി പോകുന്നതിലും വായുക്രമീകരണത്തിലും പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇതെല്ലാം പരിഹരിച്ചാണ് പ്രവർത്തനം തുടങ്ങുന്നത്. ഇൻക്വസ്റ്റ്, ലബോറട്ടറി അടക്കമുള്ള സൗകര്യങ്ങൾക്കായി പ്രത്യേക മുറികളും ഒരുക്കിയിട്ടുണ്ട്. പുതിയ മോർച്ചറി പ്രവർത്തനം തുടങ്ങിയാലും പഴയ മോർച്ചറി നവീകരിച്ച് നിലനിർത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam