പട്ടാമ്പി മത്സ്യ മാർക്കറ്റിൽ 67 പേർക്ക് കൊവിഡ്; കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം

By Web TeamFirst Published Jul 21, 2020, 8:44 AM IST
Highlights

പൊന്നാനി മേഖലയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മീൻ എത്തിച്ചിരുന്നത്. എന്നാൽ അവിടെ കൊവിഡ് ബാധ ഏറിയ സാഹചര്യത്തിൽ രണ്ടാഴ്ച്ചയായി പട്ടാമ്പിയിൽ നിന്നാണ് മത്സ്യം വന്നിരുന്നത്. 

തൃശ്ശൂർ കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കടവല്ലൂർ, കാട്ടകാമ്പാൽ, കടങ്ങോട്, ചൂണ്ടൽ, എരുമപ്പെട്ടി പഞ്ചായത്തുകളിൽ മീൻ വിൽപ്പനയ്ക്ക് നിരോധനം. പൊതുസ്ഥലത്തെ മീൻ വിൽപ്പന കേന്ദ്രങ്ങൾ, വാഹനങ്ങളിലെ മീൻ വിൽപ്പന എന്നിവ നിരോധിച്ചു. പൊന്നാനി മേഖലയിൽ നിന്നാണ് ഇവിടങ്ങളിലേക്ക് മീൻ എത്തിച്ചിരുന്നത്. എന്നാൽ അവിടെ കൊവിഡ് ബാധ ഏറിയ സാഹചര്യത്തിൽ രണ്ടാഴ്ച്ചയായി പട്ടാമ്പിയിൽ നിന്നാണ് മത്സ്യം വന്നിരുന്നത്. കടവല്ലൂർ പഞ്ചായത്തിൽ മാത്രം 100 ഓളം പേർ നിരീക്ഷണത്തിലായിട്ടുണ്ട്.


അതേസമയം സാമൂഹ്യവ്യാപന സാധ്യത തടയാൻ പട്ടാമ്പിയിൽ ലോക്ഡൗൺ ഏര്‍പ്പെടുത്തി. പട്ടാമ്പി താലൂക്ക്, നെല്ലായ പഞ്ചായത്ത് എന്നിവിടങ്ങളിലാണ് കർശന നിയന്ത്രണം. തീവ്രബാധിത മേഖലകളിലുൾപ്പെടെ 47 കേന്ദ്രങ്ങളിൽ ദ്രുതപരിശോധക്ക് തുടക്കമിട്ടു. പട്ടാമ്പി നഗരസഭ, സമീപത്തെ 16 പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ആശങ്കയേറുന്നത്. ഈ സാഹചര്യത്തിലാണ് മേഖലയിൽ ദ്രുതപരിശോധന വ്യാപിപ്പിക്കുന്നതും നിയന്ത്രണ കടുപ്പിക്കുന്നതു. 28 തീവ്രബാധിത മേഖലകളുൾപ്പെടെ 47 ഇടങ്ങളിലാണ് വ്യാപനം കൂടുന്നത്. 

കണ്ടെത്തി തടഞ്ഞില്ലെങ്കിൽ സൂപ്പർ സ്പ്രെഡിലേക്ക് വഴിമാറുമെന്ന ആശങ്കയുമുണ്ട്. മത്സ്യമാർക്കറ്റുകൾ, വ്യാപാരകേന്ദ്രങ്ങൾ, ബസ് സ്റ്റാൻഡ് പരിസരം എന്നിവടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും. പട്ടാമ്പി മേഖലയിലെ നാൽപ്പത്തിയേഴ് കേന്ദ്രങ്ങളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ഉടൻ പൂർത്തിയാക്കും. ശരാശരി 500 പേർക്കാണ് പട്ടാമ്പി ക്ലസ്റ്ററിൽ ദിവസവും ആന്റിജൻ പരിശോധന നടത്തുന്നത്. തൃശ്ശുർ, മലപ്പുറം ജില്ലകളുമായി അതിർത്തി പങ്കിടുന്ന മേഖലായതിനാൽ രോഗവ്യാപനം കൂടുമെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ ദിവസം പട്ടാമ്പി ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ചതിൽ 7 തൃശ്ശുർ സ്വദേശികളും 3 മലപ്പുറംകാരും ഉണ്ടെന്നതും ഇതോടൊപ്പം കാണണം. 

നെല്ലായ, ചാലിശ്ശേരി, പട്ടിത്തറ കപ്പൂർ, നാഗലശ്ശേരി തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് രോഗബാധിതരിൽ ഏറെയും. പൊന്നാനി, കുന്ദംകുളം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള യാത്രക്കും നിയന്ത്രണമുണ്ട്. അവശ്യസേവനങ്ങളൊഴികെ പട്ടാമ്പി മേഖലയിൽ അടഞ്ഞുകിടക്കും. നഗരസഭിയിലെ ഓരോ വീടുകൾതോറും കയറി വിവരശേഖരണത്തിനും ആരോഗ്യപ്രവർത്തകർ തുടക്കമിട്ടുകഴിഞ്ഞു. ലക്ഷണമുളളവരെ പ്രത്യേകം നിരീക്ഷിക്കും. ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ, മത്സ്യമാർക്കറ്റുകളിലും ഉടൻ ദ്രുതപരിശോധന നടക്കും. പാലക്കാട്ടെ വിവിധ ആശുപത്രിയിൽ കഴിയുന്ന 93 പേർക്ക് രോഗമുക്തിയുണ്ടായത് മാത്രമാണ് നേരിയ ആശ്വാസം 

click me!