
കോഴിക്കോട്: ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം യുപിഐ വഴി പണം സ്വീകരിച്ചത് താമരശ്ശേരിയിലെ ഹോട്ടലുടമയുടെ ജീവിതം തന്നെ വഴിമുട്ടിച്ചിരിക്കുകയാണ്. തട്ടിപ്പുകേസിലെ പ്രതിയായ ജയ്പുർ സ്വദേശിയാണ് താമരശ്ശേരിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം 263 രൂപ ഉടമ താമരശേരി സ്വദേശി സാജിറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് യുപിഐ വഴി അയച്ചത്. ഇതോടെ സാജിറിന്റെ ബാങ്ക് അക്കൗണ്ട് മരവിച്ചു. ബാങ്കിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോഴാണ് 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് ഭക്ഷണം കഴിച്ച ശേഷം തനിക്ക് പണം അയച്ചതെന്ന് കാര്യം സാജിർ അറിയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും സൈബർ സെല്ലാണ് നിർദേശം നൽകിയതെന്നുമാണ് ബാങ്ക് നൽകുന്ന വിവരം. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ജയ്പൂർ ജവഹർനഗർ സർക്കിൾ എസ്എച്ച്ഒയെ ബന്ധപ്പെടാമെന്നും അറിയിച്ചിരിക്കുകയാണ്. നിനച്ചിരിക്കാതെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ അക്കൗണ്ടിലുള്ള പണം എടുക്കാൻ കഴിയാത്തതിൻ്റെ ദുരിതത്തിലാണ് സാജിർ. യുപിഐ ഉണ്ടാക്കിയ വയ്യാവേലിയിൽ നിന്ന് എങ്ങനെ രക്ഷ നേടുമെന്നാണ് ഹോട്ടലുടമ ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam