
കാസർകോട്: നെല്ലിയര കോളനിയിലെ പതിനൊന്ന് കുടുംബങ്ങൾ കഴിഞ്ഞ രണ്ടാഴ്ചയായി പരപ്പ സ്കൂളിനകത്താണ് താമസം. മഴയിലും കാറ്റിലും ഇവർ താമസിച്ചിരുന്ന വീടുകൾ തകർന്നതോടെയാണ് ഇവിടം താത്കാലിക ദുരിതാശ്വാസ ക്യാമ്പാക്കിയത്. സ്കൂൾ തുറക്കുന്നതിന് മുമ്പായി പുതിയ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ലാ ഭരണകൂടം.
കഴിഞ്ഞ മാസം 23നാണ് നെല്ലിയര കോളനിയിലെ പതിനൊന്ന് വീടുകൾ പൂർണമായും തകർന്നത്. കനത്ത കാറ്റിലും മഴയിലും ഓലയും ഷീറ്റും മേഞ്ഞ വീടുകൾ നിലം പൊത്തി. ഇതോടെയാണ് ഇവരെ സമീപത്തെ സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചത്. 28 കുട്ടികളടക്കം 48 പേരാണ് ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്നത്. അടുത്ത മാസം സ്കൂൾ തുറക്കുന്നതോടെ ഇവിടെ നിന്നും മാറണം.
കോളനിക്കടുത്ത് തന്നെ കമ്യൂണിറ്റി ഹാൾ പണിത് ദുരിതാശ്വാസ ക്യാമ്പ് അവിടേക്ക് മാറ്റാനാണ് നീക്കം. കോളനിക്കാരുടെ പങ്കാളിത്തത്തോടെ നിർമ്മാണം തുടങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്ന് കുടുബങ്ങൾക്കും ഉടൻ വീട് നിർമിച്ച് നൽകുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം. പട്ടയമില്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് പട്ടയവും അനുവദിക്കും. വേനൽ മഴയിൽ മലയോര മേഖലയിൽ മാത്രം പത്ത് കോടിയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് കണക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam