വീട് നിര്‍മ്മിക്കാന്‍ നല്‍കിയ പണവുമായി കരാറുകാരന്‍ മുങ്ങി; കൊല്ലത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു

By Web TeamFirst Published Aug 7, 2019, 6:04 PM IST
Highlights

കെട്ടിടത്തിന്‍റെ അടിസ്ഥാനം കെട്ടിയതൊഴിച്ചാൽ മറ്റൊരു പണിയും കരാറുകാരന്‍ നടത്തിയില്ല.

കൊല്ലം: വീട് നിര്‍മ്മിക്കാൻ നല്‍കിയ പണവുമായി കരാറുകാരൻ മുങ്ങിയതോടെ കൊല്ലത്ത് വീട്ടമ്മ ജീവനൊടുക്കി. സമയപരിധി കഴിഞ്ഞിട്ടും വീട് പണി പൂര്‍ത്തിയാവാത്തതിനാല്‍ പല തവണ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. 

കൊല്ലം കടയ്ക്കലിലാണ് സംഭവം. ലൈഫ് പദ്ധതി പ്രകാരമാണ് വീട്ടമ്മയായ വിജയകുമാരിക്ക് വീട് അനുവദിച്ചത്. ഇതിനായി കിട്ടിയ പണവും സ്വര്‍ണം പണയം വച്ച് കിട്ടിയ പണവും ചേര്‍ത്ത് ഒന്നര ലക്ഷം രൂപ വീട് നിര്‍മാണത്തിന് കരാര്‍ എടുത്ത തൊളിക്കുഴി സ്വദേശി അനില്‍ കുമാറിനെ ഏൽപ്പിച്ചു. കെട്ടിടത്തിന്‍റെ അടിസ്ഥാനം കെട്ടിയതൊഴിച്ചാൽ മറ്റൊരു പണിയും അനില്‍കുമാര്‍ നടത്തിയില്ല. പലവട്ടം ആവശ്യപ്പെട്ടിട്ടും പണി പൂര്‍ത്തീകരിക്കാനും അനില്‍കുമാര്‍ തയാറായില്ല.

ഇതോടെ പഞ്ചായത്ത് അധികൃതര്‍ക്കും പൊലീസിനും വിജയകുമാരി പരാതി നൽകി. പ്രശ്ന പരിഹാരത്തിന് വാര്‍ഡ് മെമ്പര്‍ അനില്‍കുമാറിനെ സമീപിച്ചെങ്കിലും മോശം പ്രതികരണമുണ്ടായി. അതേസമയം പരാതി കിട്ടിയിട്ടും പൊലീസ് ഒരു നടപടിയും എടുത്തില്ല. ഇതിനിടെ കിട്ടിയ പണവുമായി അനില്‍കുമാര്‍ മുങ്ങി. തുടര്‍ന്ന് മാനസികമായി തകര്‍ന്ന വിജയകുമാരി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 
 

click me!