
സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ കാര്‍ഷികമേഖലയാകെ കടുത്ത വരള്‍ച്ചയെ നേരിടുമ്പോള്‍ ജലദൗര്‍ലഭ്യം മറി കടക്കുന്ന വിളകള്‍ കൃഷിയിറക്കുകയാണ് വയനാട് നമ്പിക്കൊല്ലി കഴമ്പില്‍ വീട്ടില്‍ സുരേഷ് എന്ന കര്‍ഷകന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുഞ്ചകൃഷി ചെയ്യാന്‍ കഴിയാത്ത അത്രയും ജലക്ഷാമം ഇദ്ദേഹത്തിന്റെ വയലുകളുള്‍ ഉള്‍പ്പെടുന്ന കഴമ്പ് പാടശേഖരത്തില്‍ അനുഭവിക്കേണ്ടി വന്നത്. വേനലില്‍ എന്ത് കൃഷി ചെയ്യുമെന്ന് അന്വേഷിച്ചപ്പോഴാണ് ഗുണ്ടല്‍പ്പേട്ടിലും തമിഴ്‌നാട്ടിലും സമൃദ്ധമായി വളരുന്ന സൂര്യകാന്തി വയനാടന്‍ വയലുകളിലും വിളയിക്കാമെന്ന് ചിന്തയുദിച്ചത്. അങ്ങനെ പരീക്ഷണാര്‍ഥത്തില്‍ കഴിഞ്ഞ വര്‍ഷം ചെയ്ത പൂകൃഷി വന്‍വിജയമായതോടെ ഇത്തവണയും സൂര്യകാന്തിയും എള്ളും കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സുരേഷിന്റെ ഒരേക്കര്‍ പാടത്ത് വലിയ സൂര്യകാന്തികള്‍ വിരിഞ്ഞ് നില്‍ക്കുന്ന കാഴ്ചയാണ്. പൂക്കള്‍ കാണാനും കൃഷിരീതികള്‍ മസിലാക്കാനും ധാരാളം പേര്‍ എത്തുന്നതായി സുരേഷ് പറഞ്ഞു. സഹോദരന്‍ രജീഷും ഇദ്ദേഹത്തിന്റെ സഹായിയായി കൂടെയുണ്ട്.
കഴിഞ്ഞ വര്‍ഷം കത്തുന്ന വേനലായിരുന്നിട്ടുപോലും നല്ല വിളവ് ലഭിച്ചതോടെ ഇത്തവണയും ഒരേക്കര്‍ വയല്‍ പൂകൃഷിക്കായി മാറ്റി വെക്കുകയായിരുന്നു. രണ്ട് കിലോ സൂര്യകാന്തി വിത്താണ് ഒരേക്കറിലെ കൃഷിക്ക് ആവശ്യമെങ്കിലും മുളക്കുറവ് പ്രശ്നം പരിഹരിക്കാന്‍ നാല് കിലോക്ക് അടുത്ത് വരെ വിത്ത് വിതക്കേണ്ടി വന്നു. ചെടികള്‍ ഇടത്തിങ്ങി വളര്‍ന്ന് പൂവിടുമ്പോള്‍ മാത്രമാണ് കാഴ്ച്ചക്കും നല്ലതെന്ന് സുരേഷ് പറയുന്നു. കര്‍ണാടകയിലെ ഏജന്റ് വഴി ഹൈദരാബാദില്‍ നിന്നാണ് ഹൈബ്രിഡ് വിത്തുകള്‍ ലഭ്യമാക്കിയത്. സൂര്യകാന്തിയെ പോലെ തന്നെ വെറും 110 ദിവസത്തിനുള്ളില്‍ വിളവെടുക്കാന്‍ കഴിയുമെന്നതും പ്രത്യേകിച്ച് വളമോ വെള്ളമോ നല്‍കേണ്ടതില്ലായെന്നതുമാണ് എള്ളുകൃഷി സ്ഥിരമാക്കാന്‍ സുരേഷിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍. കഴിഞ്ഞ വര്‍ഷം പത്ത് സെന്റില്‍ മാത്രമാണ് കൃഷിയുണ്ടായിരുന്നത്. കുറഞ്ഞ സ്ഥലത്തായിട്ടും പോലും എള്ളില്‍ നിന്ന് നല്ല ആദായം ലഭിച്ചതായി സുരേഷ് പറഞ്ഞു.
ഒരേക്കറിന് ശരാശരി രണ്ട് കിലോ വിത്താണ് ഏള്ളിനും ആവശ്യമായി വരുന്നത്. വിളവെടുത്താല്‍ പൂകൃഷിയെ പോലെ കര്‍ണാടകയിലേക്ക് വിപണി തേടി പോകേണ്ടതില്ല. പ്രാദേശിക വിപണികളില്‍ തന്നെ എള്ളിന് ആവശ്യക്കാരേറെയാണ്. സൂര്യകാന്തിപാടം കാണാന്‍ കഴിഞ്ഞ ദിവസം അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അധ്യാപകരും കുട്ടികളും എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam