
ആലപ്പുഴ: സ്വർണമാല മോഷ്ടിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി 30 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
കായംകുളത്തെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായ മാവേലിക്കര സ്വദേശി രമേഷ് കുമാറിനെയാണ് മുതിർന്ന വനിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത് 47 ദിവസം ജയിലിൽ അടച്ചത്. യഥാർത്ഥ പ്രതി താനാണ് മാല മോഷ്ടിച്ചതെന്ന് വെളിപ്പെടുത്തിയതോടെയാണ് രമേഷ് കുമാറിന്റെ നിരപരാധിത്വം വാർത്തയായത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നിരപരാധിയെ അറസ്റ്റ് ചെയ്ത് ജയിലടിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam