രോഗിയുടെ വായ്ക്കുള്ളിൽ മുടി വളർന്ന സംഭവം; മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

By Web TeamFirst Published Apr 20, 2021, 8:40 PM IST
Highlights

വായ്ക്കുള്ളിലെ രോമവളർച്ച കാരണം ആഹാരം കഴിക്കാൻ പോയിട്ട് ഉമിനീര് ഇറക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന കുന്നത്തുകാൽ സ്വദേശി സ്റ്റീഫന്റെ പരാതിയിലാണ് ഉത്തരവ്

തിരുവനന്തപുരം: മുഴ നീക്കാൻ ശസ്ത്രക്രിയ നടത്തിയ രോഗിയുടെ വായ്ക്കുള്ളിൽ മുടി വളർന്ന സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടോയെന്ന് പരിശോധിക്കാനായി മെഡിക്കൽ ബോർഡിനെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. വായ്ക്കുള്ളിലെ രോമവളർച്ച കാരണം ആഹാരം കഴിക്കാൻ പോയിട്ട് ഉമിനീര് ഇറക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന കുന്നത്തുകാൽ സ്വദേശി സ്റ്റീഫന്റെ പരാതിയിലാണ് ഉത്തരവ്.  

തനിക്ക് ശാസ്ത്രക്രിയ നടത്തിയ റീജിയണൽ ക്യാൻസർ സെന്ററിലെ ഡോക്ടർക്കെതിരെ (ആർ സി സി) ചികിത്സാ പിഴവ് ആരോപിച്ചാണ് സ്റ്റീഫൻ പരാതി നൽകിയത്. അര്‍ബുദ ചികിത്സയുടെ ഭാഗമായി  വായ്ക്കുള്ളിൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് കീഴ്താടിയിലെ ചർമ്മം വച്ചുപിടിപ്പിച്ചതു കാരണമാണ് രോമവളർച്ച ഉണ്ടാകുന്നത്.  മെഡിക്കൽ ബോർഡിൽ  ഒരു പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധനെ ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  വായ്ക്കുള്ളിൽ പകരം ചർമ്മം വച്ചു പിടിപ്പിച്ചപ്പോൾ സംഭവിച്ച രോമവളർച്ച സ്വാഭാവികമാണോ എന്ന് ബോർഡ് പരിശോധിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.  അങ്ങനെയാണെങ്കിൽ ഇതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്താണെന്നും ബോർഡ് വിശദീകരിക്കണം.  ആവശ്യമെങ്കിൽ രോഗിയെ ബോർഡ് നേരിട്ട് പരിശോധിക്കണം.  എട്ടാഴ്ചയ്ക്കുള്ളിൽ ബോർഡിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.  

കൂലിപ്പണിക്കാരനായ സ്റ്റീഫന് 2019 ജൂലൈ 9 നാണ് ശസ്ത്രക്രിയ നടത്തിയത്.  സർക്കാരിന്റെ കാരുണ്യ പദ്ധതി പ്രകാരമായിരുന്നു ചികിത്സ.  വായിൽ വച്ചുപിടിപ്പിക്കാൻ തുടയിൽ നിന്നും മാംസം എടുക്കുമെന്നാണ് പറഞ്ഞതെങ്കിലും കീഴ്ത്താടിയിൽ നിന്നാണ് മാംസം എടുത്തതെന്ന് പരാതിയിൽ പറയുന്നു.  ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ വായ്ക്കുള്ളിലെ മുടി ബാർബറെ വിളിച്ച് വെട്ടിക്കാൻ പറഞ്ഞ് പരിഹസിച്ച് പറഞ്ഞയച്ചതായും പരാതിയിൽ പറയുന്നു.  ഡോക്ടറെ അനുകൂലിക്കുന്ന റിപ്പോർട്ട് ആർ സി സി സമർപ്പിച്ച സാഹചര്യത്തിലാണ് മെഡിക്കൽ ബോർഡിനെ നിയോഗിക്കാൻ കമ്മീഷൻ ഉത്തരവിട്ടത്.  

click me!