ശാരീരിക പീഡനത്തെ തുടർന്ന് സ്വന്തം വീട്ടിൽ പോയ യുവതിയെ ഭർത്താവും മൂന്നുപേരും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു

By Web TeamFirst Published Mar 15, 2019, 4:50 PM IST
Highlights

സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപെടുവാൻ ശ്രമിച്ച എറണാകുളം സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് സംശയമുണ്ട്. എറണാകുളം സ്വദേശി ഷിബു(40),ഭാര്യ ഷീജ(38), ഷീജയുടെ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവർക്കാണ് പരിക്കേറ്റത്

ഇടുക്കി: മമ്മട്ടിക്കാനത്ത് കുടുംബ വഴക്കിനെത്തുടർന്ന് പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിന്നിരുന്ന ഭാര്യയെ ഭർത്താവും സുഹൃത്തുക്കളായ മൂന്ന് പേരും ചേർന്ന് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഭാര്യാപിതാവിനും മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു. വഴക്കിനിടെ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ ഭർത്താവിന് തലയിൽ മാരകമായി പരിക്കേറ്റു.

സംഭവത്തിനു ശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപെടുവാൻ ശ്രമിച്ച എറണാകുളം സ്വദേശികളായ മൂന്ന് പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇവർ ക്വട്ടേഷൻ സംഘാംഗങ്ങളെന്ന് സംശയമുണ്ട്. എറണാകുളം സ്വദേശി ഷിബു(40),ഭാര്യ ഷീജ(38), ഷീജയുടെ പിതാവ് മമ്മട്ടിക്കാനം കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവർക്കാണ് പരിക്കേറ്റത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്

ഇന്നലെ രാവിലെ ഏഴോടെ ആണ് സംഭവം.പത്ത് വർഷം മുൻപ് വിവാഹിതരായ ഷിബുവും ഷീജയും എറണാകുളത്ത് ആണ് സ്ഥിരതാമസം. ഇടയ്ക്കിടെ ഇവർ തമ്മിൽ വഴക്കുണ്ടാകുമായിരുന്നു. ഭർത്താവിന്റെ ശാരീരിക പീഡനം സഹിക്കാൻ വയ്യാതായ ഷീജ ഏതാനും ദിവസം മുൻപ് മമ്മട്ടിക്കാനത്ത് മാതാപിതാക്കളുടെ സമീപത്തേയ്ക്ക് പോന്നു.പ്രതികാരം ചെയ്യുക എന്ന ഉദ്ദേശത്തോടെ മൂന്ന് സുഹൃത്തുക്കളെയും കൂട്ടി ബുധനാഴ്ച്ച ഷിബു മമ്മട്ടിക്കാനത്ത് എത്തി. 

രാത്രിയിൽ വീടും പരിസരവും സുഹൃത്തുക്കളെ കാട്ടിക്കൊടുത്തു. ഇന്നലെ രാവിലെ ഏഴോടെ വീടിന്റെ പിൻവാതിലിലൂടെ ഉള്ളിൽ കയറിയ ഇവർ മുറിയിൽ നിൽക്കുകയായിരുന്ന ഭാര്യയെ വാക്കത്തികൊണ്ട് പിന്നിൽ നിന്നും വെട്ടി.കഴുത്തിൽ ചെറിയ തോതിൽ മുറിവേറ്റ ഇവർ ഉറക്കെ നിലവിളിച്ചതിനെ തുടർന്ന് പിതാവ് ശിവനും,അമ്മ ജഗദമ്മയും ഓടിയെത്തി.ഇവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ചെറുത്തുനിൽപ്പിനിടെ  ആരോ സമീപത്ത് ഉണ്ടായിരുന്ന നിലവിളക്ക്കൊണ്ട് ഷിബുവിന്റെ തലയിൽ അടിച്ചു.ഇതോടെ ഇയാളുടെ ഒപ്പമുണ്ടായിരുന്നവർ ഇറങ്ങി ഓടി. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് ഷിബുവിനെ കീഴ്പ്പെടുത്തി മുറിയ്ക്കുള്ളിൽ പൂട്ടിയിട്ട ശേഷം പൊലീസിൽ വിവരമറിയിച്ചു.പൊലീസ് എത്തി എല്ലാവരെയും രാജാക്കാട്ടിൽ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷിബു,ഷീജ, ജഗദമ്മ എന്നിവരെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംശയകരമായ സാഹചര്യത്തിൽ മൂന്ന് പേർ ഓടുന്നത് കണ്ട നാട്ടുകാർ മുസ്ലിം പള്ളിയ്ക്ക് സമീപം ഇവരെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. എന്നാൽ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും, മൂന്നാർ കാണുവാനായി എത്തിയതാണെന്നും, കൈവശമുണ്ടായിരുന്ന പണം തീർന്നതിനെ തുടർന്ന് വായ്പ്പ വാങ്ങുന്നതിനായാണ് സുഹൃത്തായ ഷിബുവിന്റെ ഭാര്യവീട്ടിൽ എത്തിയതെന്നുമാണ് ഇവർ പൊലീസിൽ പറഞ്ഞിരിക്കുന്നത്.ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് ഷിബുവെന്നും,മുൻപും പലതവണ ഭാര്യയെ ക്രൂരമായ ശാരീരിക പീഡനം ഏൽപ്പിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. ക്വട്ടേഷൻ സാദ്ധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

click me!