
കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വിവരമറിഞ്ഞ് നിരവധി നാട്ടുകാരാണ് കങ്കോലിയിൽ കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയക്കും. ഈ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കാങ്കോൽ ബമ്മാരടി കോളനിയിൽ കൃത്യം നടന്നത്. നിർമാണത്തൊഴിലാളിയായ ഷാജി ഭാര്യ പ്രസന്നയെ വീടിനകത്തുവച്ചാണ് വെട്ടിക്കൊന്നത്. പ്രസന്നയുടെ നിലവിളി കേട്ട് അയൽവാസികളായ സ്ത്രീകൾ ഓടിയെത്തി. ചോരയിൽ കുളിച്ച നിലയിലാണ് ഇവർ പ്രസന്നയെ കണ്ടെത്തിയത്. ഷാജി അതിന് മുമ്പ് തന്നെ ബൈക്കിൽ പുറത്തേക്ക് പോയിരുന്നു. നേരെ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ കീഴടങ്ങുകയായിരുന്നു.
രണ്ട് വർഷത്തോളമായി അകന്നു കഴിയുകയായിരുന്നു പ്രസന്നയും ഷാജിയും. മൂന്ന് കുട്ടികളുമായി തയ്യിൽ വളപ്പിലെ സ്വന്തം വീട്ടിലായിരുന്നു പ്രസന്ന. കാങ്കോലിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് ഉച്ചയോടെ ഷാജിയുടെ വീട്ടിലെത്തിയത്. അപ്പോഴായിരുന്നു കൊലപാതകം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam