
മാവേലിക്കര: ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് വീടുവിട്ടിറങ്ങിയ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയുടെ ആത്മഹത്യക്ക് അച്ചൻകോവിലാറ്റിൽ ചാടിയ പന്തളം കുളനട വടക്കേക്കരപ്പടി ശ്രീനിലയത്തിൽ അരുൺബാബു(31)വിന്‍റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അരുൺ ബാബുവിന്‍റെ ഭാര്യ ലിജി (അമ്മു)(25)യെ കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വീടിന്റെ മുകളിലത്തെനിലയിലെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിനിൽക്കുന്നനിലയിലായിരുന്നു ലിജി. അരുൺബാബുവാണ് ലിജിയെ തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ തന്നെ അയൽവാസികളുടെ സഹായത്തോടെ ലിജിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ അരുൺബാബുവിനെ കാണാതായി. മൊബൈൽ ഫോൺ ആശുപത്രിയിലേക്ക് കൂടെ വന്നവരെ ഏൽപ്പിച്ച് കാറുമെടുത്ത് ഇയാള്‍ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് അരുൺ സഞ്ചരിച്ചിരുന്ന കാർ വെട്ടിയാർ പുലക്കടവ് പാലത്തിനുസമീപത്ത് നിന്നും കണ്ടെത്തി. വെൺമണി പുലക്കടവ് പാലത്തിന് സമീപം കാർ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി.
പരിശോധനയിൽ കാറിനുള്ളിൽ രക്തം കൊണ്ട് ‘ഐ ലവ് യൂ അമ്മു’ എന്നെഴുതിയത് പൊലീസ് കണ്ടെത്തി. പാലത്തിന് സമീപം കുളിക്കടവിലേക്കിറങ്ങുന്ന ഭാഗത്തും രക്തം കണ്ടെത്തി. ഇതോടെ കയ്യിലെ ഞരമ്പ് മുറിച്ച ശേഷം അരുൺ നദിയിൽ ചാടിയെന്ന നിഗമനത്തിൽ പൊലീസും ഫയർഫോഴ്സും തെരച്ചിൽ നടത്തിവരവെയാണ് ഇന്നലെ മൃതദേഹം കണ്ടെത്തുന്നത്. പാലത്തൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
മൂന്ന് വർഷം മുമ്പാണ് അരുൺ ബാബുവും പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ലിജിയും വിവാഹിതരാകുന്നത്. ഒന്നര വയസുള്ള ആരോഹിണി മകളാണ്. നേരത്തേ ഗൾഫിലായിരുന്ന അരുൺബാബു നാട്ടിൽ ലോറി ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ലിജി എന്തിനാണ് ജീവനൊടുക്കിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Read More : രശ്മിക മന്ദാനയുടെ വ്യാജ ഫോട്ടോയ്ക്ക് പിന്നിലെ വില്ലൻ; കരുതിയിരിക്കണം ഇവനെ, ചെയ്യേണ്ട കാര്യങ്ങൾ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam