"ഞാന്‍ കൃഷ്ണപ്രിയ, കൃപേഷിന്റെ അനുജത്തിയാണ്"; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി കൊല്ലപ്പെട്ട കൃപേഷിന്‍റെ സഹോദരി

By Web TeamFirst Published Apr 17, 2019, 11:54 AM IST
Highlights

" ഏട്ടന്‍ പോയ ശേഷം അങ്ങ് ഈ വഴിപോയ ദിവസം അച്ഛന്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാന്‍ അങ്ങ് വീട്ടിലേക്ക് വരുമെന്ന് കരുതി. വരാതിരുന്നപ്പോള്‍ തിരക്കുകാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛന്‍ കരഞ്ഞു. " 

കാസര്‍കോട്: സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ ഇരകളാണ് കാസര്‍കോട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും. ഇതില്‍ കൃപേഷിന്‍റെ അനിയത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. കല്ല്യാട്ടെ ഇരട്ടക്കൊലക്കേസില്‍ സിപിഎം കൊല്ലപ്പെട്ട ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യാത്ത തന്‍റെ ഏട്ടനെയും സുഹൃത്ത് ശരത്ത് ലാലിനെ കുറിച്ചും നടത്തുന്ന അപവാദ പ്രചരണം തങ്ങളെ വേദനിപ്പിക്കുന്നെന്ന് പറഞ്ഞ് തുടങ്ങുന്ന കത്ത്, മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റപ്പോള്‍ മധുരവുമായി വീട്ടിലെത്തിയ അച്ഛനെ ഓര്‍ത്തെടുക്കുന്നു.

18 വര്‍ഷം കല്ല്യാട്ടെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നോട്ടം കൊണ്ട് പോലും ആരുടേയും ഉപദ്രവമില്ലാതെ ജീവിച്ച ആ അച്ഛന്‍റെ മകനെയാണ് സിപിഎം കൊന്നത്. ഇനിയും ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് കരുതുന്നെന്ന് കൃഷ്ണപ്രിയ ഏഴുതുന്നു. ഇരട്ടക്കൊലപാതകത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്താത്തത് എന്തു കൊണ്ടാണെന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു കൊണ്ടാണ് കൃഷ്ണപ്രിയ തന്‍റെ കത്തവസാനിപ്പിക്കുന്നത്.  

കൃഷ്ണപ്രിയയുടെ കത്തിന്‍റെ പൂര്‍ണ്ണരൂപം: 

'ഞാന്‍ കൃഷ്ണപ്രിയ, 
കൃപേഷിന്റെ അനുജത്തിയാണ്. 
ഏട്ടന്‍ പോയശേഷം അങ്ങേക്ക് എഴുതണമെന്ന് കുറേ നാളായി വിചാരിക്കുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു. ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായോ വേദനിപ്പിച്ചതായോ ഞാന്‍ കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെ പേരില്‍ ഒരു പരാതിയും ആര്‍ക്കും എട്ടന്റെ പേരില്‍ മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കിവയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു.

അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. എന്റെ അച്ഛന്‍ അങ്ങയുടെ പാര്‍ട്ടിക്കാരനായിരുന്നു. സാര്‍, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛന്‍ വീട്ടിലേക്ക് വന്നത്. ജീവിതത്തില്‍ അച്ഛന്‍ ചെയ്ത വോട്ടെല്ലാം അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്യോട്ട് കോണ്‍ഗ്രസുകാരുടെ നടുവിലാണ് 18 വര്‍ഷം അച്ഛന്‍ ജീവിച്ചത്.

നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം അച്ഛന്‍ കമ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാര്‍ട്ടി മാറണമെന്ന് അച്ഛനോടു പറഞ്ഞിട്ടില്ല. വോട്ടുചെയ്യുന്നത് തടഞ്ഞിട്ടില്ല. കൊല്ലാനോ തല്ലാനോ വന്നിട്ടില്ലെന്നുമാത്രമല്ല, ഒരു വാക്കോ നോക്കോ കൊണ്ടുപോലും അവരാരും ഞങ്ങളെ വേദനിപ്പിച്ചിട്ടില്ല. ഏട്ടന്‍ പോയ ശേഷം അങ്ങ് ഈ വഴിപോയ ദിവസം അച്ഛന്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാന്‍ അങ്ങ് വീട്ടിലേക്ക് വരുമെന്ന് കരുതി. വരാതിരുന്നപ്പോള്‍ തിരക്കുകാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛന്‍ കരഞ്ഞു. ഏട്ടന്റെ കൂട്ടുകാരനായിരുന്നു ശരത്തേട്ടന്‍.

ഇനി ഈ ജന്മം മുഴുവന്‍ കണ്ണീരുകുടിച്ച് ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങള്‍ക്കുനഷ്ടമായത് തിരിച്ചുതരുവാന്‍ ദൈവത്തിനുപോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണീര്‍ ഈ മണ്ണില്‍ വീഴാതിരിക്കാന്‍ ഒരേട്ടന്റെയും ചോരകൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. ഏട്ടനെയും ശരത്തേട്ടനെയും എന്തിനാണ് ഞങ്ങളില്‍നിന്ന് പറിച്ചുമാറ്റിയതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. അവരെ ഇല്ലാതാക്കിയവരില്‍ പലരെയും പോലീസ് പിടിക്കാത്തത് എന്തുകൊണ്ടാണെന്നും അറിയില്ല.'

എന്ന് സ്നേഹപൂര്‍വ്വം 
കൃഷ്ണപ്രിയ.
 

click me!