പ്രളയത്തേക്കാൾ വലിയ ദുരന്തം പുനരധിവാസ പാക്കേജ്: സർക്കാരിനെതിരെ ഇടുക്കി ഡിസിസി

By Web TeamFirst Published Feb 8, 2019, 4:39 PM IST
Highlights

ഇടുക്കിയിലെ ജനങ്ങളോട് സർക്കാരിന് താൽപര്യമുണ്ടായിരുന്നെങ്കിൽ ജനപ്രതിനിധികളുമായി ആലോചിച്ച് ബജറ്റിൽ തന്നെ പ്രഖ്യാപനങ്ങൾ നടത്തുമായിരുന്നു. പാക്കേജിൽ പറഞ്ഞിരിക്കുന്ന 36 കാര്യങ്ങളിൽ കാർഷിക കടങ്ങൾ എഴുതി തളളാൻ നിർദേശമില്ല. ഇത് സർക്കാരിന്‍റെ വഞ്ചനയുടെ തെളിവാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഇടുക്കി: ഇടുക്കി പാക്കേജ് ഇലക്ഷൻ തട്ടിപ്പെന്ന ആരോപണവുമായി കോൺഗ്രസ്. പ്രളയ ദുരന്തത്തിൽപ്പെട്ട ഇടുക്കിയിലെ ജനങ്ങളെ ബജറ്റിൽ പോലും പരിഗണിക്കാത്ത സർക്കാരിന്‍റെ പാക്കേജ് പ്രഖ്യാപനം കപട നാടകമാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. 

ഓഖി ദുരന്തമുണ്ടായപ്പോൾ 2000 കോടിയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ചിട്ട് ഒരു രൂപ പോലും ചെലവാക്കാത്തത് ഇതിന് തെളിവാണെന്നും കോൺഗ്രസ് വിമർശിച്ചു. പ്രളയ ദുരന്തത്തിൽ 57 പേർ മരിക്കുകയും വ്യാപകമായ കൃഷി നാശമുണ്ടാവുകയും ചെയ്ത ഇടുക്കി ജില്ലയെ മുൻകൂട്ടി തയ്യാറാക്കിയ ബജറ്റിൽ സർക്കാർ പൂർണ്ണമായി അവഗണിച്ചു.

ദുരിത ബാധിതർക്ക് ആനുകൂല്യം കിട്ടാൻ വീട് മുങ്ങിയിരിക്കണമെന്ന മാനദണ്ഡം മാറ്റണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ല. ഈ വസ്തുതകൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ്  ഭയന്നാണ് ബജറ്റ് അവതരണ ശേഷം പൊടുന്നനെ പാക്കേജ് പ്രഖ്യാപിച്ചതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

ഇടുക്കിയിലെ ജനങ്ങളോട് സർക്കാരിന് താൽപര്യമുണ്ടായിരുന്നെങ്കിൽ ജനപ്രതിനിധികളുമായി ആലോചിച്ച് ബജറ്റിൽ തന്നെ പ്രഖ്യാപനങ്ങൾ നടത്തുമായിരുന്നുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. പാക്കേജിൽ പറഞ്ഞിരിക്കുന്ന 36 കാര്യങ്ങളിൽ കാർഷിക കടങ്ങൾ എഴുതി തളളാൻ നിർദേശമില്ല. ഇത് സർക്കാരിന്‍റെ വഞ്ചനയുടെ തെളിവാണ്.

പാക്കേജ് ആത്മാർത്ഥമായി നടപ്പാക്കാനാണ് ഉദ്ദേശമെങ്കിൽ 5000 കോടിയിൽ നിന്ന് 1000 കോടി കാർഷിക കടം എഴുതിത്തള്ളാനായി മാറ്റിവച്ച് തുടർ പ്രഖ്യാപനത്തിന് സർക്കാർ തയ്യാറാവണമെന്നുമാണ് കോൺഗ്രസ് ആവശ്യപ്പെട്ടു.

click me!