
ഇടുക്കി : എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ അജീഷ് കൊന്നതിനു പിന്നിൽ ചോദിച്ച പണം നൽകാത്തതിലുള്ള വൈരാഗ്യവും കാരണമായെന്ന് പ്രാഥമിക നിഗമനം. ലോൺ ആപ്പുകളിൽ നിന്നും ഇയാൾ വൻതുക വായ്പയെടുത്തിരുന്നു. പ്രതി അജീഷിനെ ബുധനാഴ്ച കസ്റ്റഡിയിൽ വാങ്ങും. മരിച്ച അൻറണിയുടെയും വത്സമ്മയുടെയും സംസ്ക്കാരം നടന്നു.മദ്യം ഉൾപ്പെടെയുള്ള ലഹരിക്ക് അടിമയായിരുന്ന അജീഷ് വിവിധ ലോൺ ആപ്പുകളിൽ നിന്നും വായ്പ്യെടുത്തിരുന്നു. ഇത് മദ്യവും മറ്റ് ലഹരി മരുന്നുകളും പലതരത്തിലുള്ള സാധനങ്ങളും വാങ്ങുന്നതിനാണ് ഉപയോഗിച്ചിരുന്നത്. വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ ആന്റണിയും വത്സമ്മയും പറമ്പിൽ പണിയെടുക്കുന്നതിനിടെ ഇയാൾ പണം ആവശ്യപ്പെട്ടെന്നും കൊടുക്കാതെ വന്നപ്പോൾ ഭ്രാന്തമായ ചേഷ്ടകൾ പ്രകടിപ്പിച്ചതായും അയൽക്കാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. മകൻ യുപിഐ ഉപയോഗിച്ച് പണം എടുക്കാതിരിക്കാൻ വത്സമ്മ ഫോൺ ഒളിച്ചുവച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലഹരിക്ക് അടിമയായിരുന്ന പ്രതി അജീഷ് ആന്റണിയെ മുൻപ് ഡി അഡിക്‌ഷൻ സെന്ററിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. അന്നു മുതൽ ഇയാൾക്ക് മാതാപിതാക്കളോടും ബന്ധുക്കളിൽ ചിലരോടും വിരോധമുണ്ടായിരുന്നു. അജീഷ് ലഹരി ഉപയോഗിച്ചിരുന്നെങ്കിലും മാതാപിതാക്കൾ അജീഷിനെപ്പറ്റി മറ്റുള്ളവരോട് മോശമായി ഒന്നും പറഞ്ഞിരുന്നില്ല. അധികമാരോടും സംസാരിക്കാറില്ലാത്ത അജീഷ് വീട്ടിലുള്ളപ്പോൾ മുറിക്കുള്ളിൽ ഒതുങ്ങിക്കൂടുകയാണ് പതിവ്. മൂന്നാഴ്ച മുൻപ് കട്ടപ്പനയിൽ നിന്നും വാങ്ങിയ കത്തി ഉപയോഗിച്ചാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞിരുന്നത്. അതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് കൊലപാതക കാരണത്തിൽ വ്യക്തത വരുത്താനാണ് പോലീസിൻറെ തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam