പത്തനംത്തിട്ടയില്‍ കടുവയെ പിടികൂടാൻ കഴിയുന്നില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് വനമന്ത്രി

By Web TeamFirst Published May 16, 2020, 9:39 PM IST
Highlights

കടുവാ സാന്നിധ്യം കണ്ടെത്തിയ നാല് മേഖലകളിൽ നാല് സംഘങ്ങളെ  നിയോഗിച്ച്  പിടികൂടാനാണ്  ശ്രമങ്ങള്‍ നടക്കുന്നത്. ഇതിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് മന്ത്രി 

തണ്ണിത്തോട്: പത്തനംതിട്ട തണ്ണിത്തോട് ടാപ്പിംഗ് തൊഴിലാളിയെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ കഴിയുന്നില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് വനമന്ത്രി കെ രാജു. കടുവയെ കണ്ടെത്തുന്നതിനായി പ്ലാന്‍റേഷൻ കോർപ്പറേഷൻ എസ്റ്റേറ്റിലെ അടിക്കാടുകൾ തെളിക്കാനും ഈറ വെട്ടിമാറ്റാനും തീരുമാനമെടുത്തു.

ഇതിനിടെ  കടുവയെ പിടികൂടാനെത്തിച്ച കുങ്കിആനയുടെ മുകളിൽ നിന്ന് വീണ് പാപ്പാന് പരിക്കേറ്റു. കടുവാ സാന്നിധ്യം കണ്ടെത്തിയ നാല് മേഖലകളിൽ നാല് സംഘങ്ങളെ  നിയോഗിച്ച്  പിടികൂടാനാണ്  ശ്രമങ്ങള്‍ നടക്കുന്നത്. ഇതിലും മയക്കുവെടി വെക്കാൻ കഴിഞ്ഞില്ലെങ്കിൽ വെടിവെച്ച് കൊല്ലുമെന്ന് മന്ത്രി വ്യക്തമാക്കി.

വെടിവയ്ക്കാനുള്ള അനുമതി ചീഫ് വൈൽഡ് ലൈഫ് വാർഡന്‍ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്ലാന്‍റേഷൻ കോർപ്പറേഷൻറെ കീഴിലുള്ള റബ്ബർ എസ്റ്റേറ്റുകളിലെ അടിക്കാടുകൾ തെളിക്കും. ഇവിടെയുള്ള ഈറ  ബാംബു കോർപ്പറേഷൻ സൗജന്യമായി വെട്ടിമാറ്റും. 225 ഹെക്ടർ തോട്ടമാണ് മേഖലയിൽ പ്ലാന്‍റേഷൻ കോർപ്പറേഷനുള്ളത്.  25 ക്യാമറകൾ  വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടെത്താൻ സ്ഥാപിച്ചിട്ടുണ്ട്. അതിനിടെ കടുവയെ പിടികൂടാൻ എത്തിയ ദൗത്യ സംഘത്തിലെ കുങ്കിയാനയുടെ മുകളിൽ നിന്നും വീണ് പാപ്പാന് പരിക്കേറ്റു.

ചിറ്റൂർ സ്വദേശി മുരുകനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ  പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട തണ്ണിത്തോട് പ്ലാന്‍റേഷൻ കോർപ്പറേഷന്‍റെ കീഴിലുള്ള എസ്റ്റേറ്റിൽ റബ്ബർ വെട്ടാനെത്തിയ യുവാവിനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കടുവ ആക്രമിച്ച് കൊന്നത്.

റബ്ബർ വെട്ടാൻ കരാർ ഏറ്റെടുത്തിട്ടുള്ള വിനീഷ് തണ്ണിത്തോട് മേടപ്പാറ സി ഡിവിഷനിൽ ടാപ്പിംഗ് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. കരച്ചിൽ കേട്ട് സമീപത്ത് നിന്ന് മറ്റ് തൊഴിലാളികൾ എത്തിയപ്പോൾ രക്തം വാർന്ന നിലയിൽ വിനീഷിനെ കണ്ടെത്തുകയായിരുന്നു. കഴുത്തിന് പിന്നിലാണ് മുറിവേറ്റത്. തുടർന്ന് നാട്ടുകാർ പ്ലാന്‍റേഷൻ കോർപ്പറേഷൻ അധികൃതരെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. 

click me!