മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ കുഴല്‍പ്പണവേട്ട; 37 ലക്ഷം രൂപ പിടിച്ചെടുത്തു

By Web TeamFirst Published Feb 21, 2019, 4:38 PM IST
Highlights

മൈസൂരില്‍ നിന്ന് താമരശേരിയിലേക്കായിരുന്നു പണം കൊണ്ടുപോയിരുന്നത്. ലോറിയുടെ ക്യാബിന് മുകളിലായി ടാര്‍പായക്കുള്ളില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണവേട്ട. കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന 37 ലക്ഷം രൂപ പിടിച്ചെടുത്തു. കോഴിക്കോട് കുന്ദമംഗലം പടംനിലം സ്വദേശികളായ കമ്മങ്ങോട്ട് വീട്ടില്‍ മുഹമ്മദ് നവാസ്(29), പൂളക്കാമണ്ണില്‍ വീട്ടില്‍ മുഹമ്മദ് ഷികില്‍ (28) എന്നിവരാണ് പിടിയിലായത്. പുലര്‍ച്ചെ മാര്‍ബിള്‍ പൊടിയുമായി എത്തിയ ലോറിയില്‍ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്.

 മൈസൂരില്‍ നിന്ന് താമരശേരിയിലേക്കായിരുന്നു പണം കൊണ്ടുപോയിരുന്നത്. ലോറിയുടെ ക്യാബിന് മുകളിലായി ടാര്‍പായക്കുള്ളില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ മാസം മുത്തങ്ങയിലെ രണ്ടാമത്തെ കുഴല്‍പ്പണവേട്ടയാണിത്. കഴിഞ്ഞ് 12ന് കോഴിക്കോട് ജില്ലയിലേക്ക്  19 ലക്ഷം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയിലായിരുന്നു. 

എക്‌സൈസ് സിഐസി ശരത്ബാബു, പ്രിവന്‍റീവ് ഓഫീസര്‍മാരായ ഇ വി ഏലിയാസ്, വി അബ്ദുള്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ സി പ്രജീഷ്, സി കെ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ തുടര്‍ അന്വേഷണത്തിനായി സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി. പണവും കൈമാറിയിട്ടുണ്ട്. 
 

click me!