ആകെ വന്നത് 5000ൽ താഴെ സഞ്ചാരികൾ, കോടികള്‍ ചിലവഴിച്ചിട്ടും വരുമാനമില്ലാതെ മൂന്നാര്‍ ബോട്ടാണിക്കൽ ഗാര്‍ഡന്‍

By Web TeamFirst Published Oct 28, 2021, 3:17 PM IST
Highlights

മണ്ണിടിച്ചലും പ്രക്യതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയില്‍ പാര്‍ക്ക് നിര്‍മ്മിക്കരുതെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ മറികടന്നാണ് പദ്ധതി യാഥാര്‍ത്യമാക്കിയത്...

ഇടുക്കി: കോടികള്‍ ചിലവഴിക്കുമ്പോഴും മൂന്നാറിലെ ബോട്ടാണിക്കൽ ഗാര്‍ഡനിൽ ഒരു രൂപ പോലും വരുമാനില്ല. 2018ൽ ആരംഭിച്ച ഗാര്‍നില്‍ നാളിതുവരെ കയറിയത് അയ്യായിരത്തില്‍ താഴെ സഞ്ചാരികള്‍ മാത്രമാണ്. മൂന്നാറിന്റെ സമഗ്ര വികസനത്തിനും സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും ജില്ലാ ടൂറിസം വകുപ്പിന്റെ നേത്യത്വത്തിലാണ് മൂന്നാര്‍ ബോട്ടാണിക്കൽ ഗാര്‍ഡന്‍ ആരംഭിച്ചത്. 

ആദ്യഘട്ടത്തില്‍ അഞ്ച് കോടിയും രണ്ടാംഘട്ടത്തില്‍ 25 കോടിയും ചിലവഴിച്ച് ആധുനിക സൗകര്യങ്ങളോട് കൂടിയ പാര്‍ക്ക് സജ്ജമാക്കുകയായിരുന്നു ലക്ഷ്യം. 2018 മൂന്നാര്‍ ഗവ. കോളേജിന് സമീപത്തെ റവന്യു ഭൂമിയില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി തുറന്നുനല്‍കുകയും ചെയ്തു. 

മണ്ണിടിച്ചലും പ്രക്യതി ദുരന്തങ്ങളും ഉണ്ടാകുന്ന മേഖലയില്‍ പാര്‍ക്ക് നിര്‍മ്മിക്കരുതെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പ്രതിഷേധങ്ങളെ മറികടന്നാണ് പദ്ധതി യാഥാര്‍ത്യമാക്കിയത്. വിന്റ‍ർ കാര്‍ണിവല്‍ നടത്തിയാണ് പാര്‍ക്കിലേക്ക് സഞ്ചാരികളെ ആകര്‍ഷിച്ചത്. എന്നാല്‍ മൂന്നുവര്‍ഷം പിന്നിടുംമ്പോഴും അയ്യായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് പാര്‍ക്ക് സന്ദര്‍ശിച്ചത്. 

മഴ ശക്തമായാല്‍ പാർക്ക് പൂര്‍ണ്ണമായി ഇല്ലാതാകുമെന്ന് പൊതുപ്രവര്‍ത്തകനായ നെല്‍സന്‍ പറയുന്നു. മൂന്ന് ജീവനക്കാരെയാണ് ടൂറിസം വകുപ്പ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതി കേന്ദ്രയുടെ മറ്റ് ജീവനക്കാരും വിവിധ ജോലികള്‍ ചെയ്യുന്നുണ്ട്. യാതൊരു വരുമാനവും ലഭിക്കാത്ത പാര്‍ക്കിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് ചിലവഴിക്കുന്നത്. ഇത് നാടിന്റെ വികനത്തിന് തന്നെ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

click me!