
ദില്ലി: ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ പ്രശംസിച്ച് റഷ്യൻ (Russia) വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് (Sergeĭ Viktorovich Lavrov). റഷ്യയിൽ നിന്ന് എന്തെങ്കിലും വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾ അത് ചർച്ച ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞു. ഉക്രെയ്ൻ പ്രതിസന്ധിയിൽ ഇന്ത്യയുടെ മധ്യസ്ഥതയെക്കുറിച്ചും അദ്ദേഹം മികച്ച പ്രതികരണമാണ് നടത്തിയത്. യുക്രൈൻ (Ukraine Crisis) വിഷയത്തിൽ ഇന്ത്യ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനീയമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി (S Jaishankar) നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സർജെ ലവ്റോവ് പറഞ്ഞു. ഇന്നലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രി ദില്ലിയിലെത്തിയത്.
ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് റഷ്യയുടെ ആഗ്രഹം. ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാന്‍ തയ്യാറാണ്. ചില രാജ്യങ്ങള്‍ ഇന്ത്യയേയും ചൈനയേയും തങ്ങള്‍ക്കെതിരേ നിലപാടെടുക്കാൻ സമ്മര്‍ദം ചെലുത്തുകയാണ്. എന്നാൽ ഇത്തരം സമ്മര്‍ദങ്ങൾക്കൊന്നും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ശിഥിലമാക്കാൻ കഴിയില്ല. ഇന്ത്യയുടെ വിദേശനയം സ്വതന്ത്ര കാഴ്ചപ്പാടും രാജ്യതാൽപ്പര്യങ്ങള്‍ സംരക്ഷിക്കുന്നവയുമാണ്. ഇതേ നയതന്ത്രമാണ് റഷ്യയും സ്വീകരിക്കുന്നത്. ഇത് തന്നെയാണ് വലിയ രാജ്യങ്ങളായ തങ്ങളിൽ സൌഹൃദവും പങ്കാളിത്തവും വളർത്തുന്നത്.
ക്രൂഡ് ഓയില്‍, സാങ്കേതിക വിദ്യ തുടങ്ങി ഇന്ത്യ ആവശ്യപ്പെടുന്നതെന്തും വിതരണം ചെയ്യാന്‍ റഷ്യ തയ്യാറാണ്. ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ റഷ്യ പരിഗണിക്കുകയാണ്. ഇക്കാര്യങ്ങളിൽ രാജ്യങ്ങൾ തമ്മില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലെത്തും. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു കൊണ്ടിരിക്കുകയാണെന്ന് എസ് ജയശങ്കർ അഭിപ്രായപ്പെട്ടു. നയതന്ത്രത്തിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഇന്ത്യ എപ്പോഴും അനുകൂലമാണെന്നും ജയശങ്കർ പറഞ്ഞു
റഷ്യൻ സൈനികരുടെ മനോവീര്യം ചോർന്നു, സ്വന്തം വിമാനം വെടിവെച്ചിട്ടു: ബ്രിട്ടീഷ് രഹസ്യാന്വേഷണ റിപ്പോർട്ട്
ദില്ലി: റഷ്യയുടെ യുക്രൈൻ അധിനിവേശം ആറാഴ്ച പിന്നിടുമ്പോൾ റഷ്യൻ സൈനികരുടെ മനോവീര്യം നഷ്ടമാകുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. റഷ്യൻ സൈനികരിൽ പലരും മേലുദ്യോഗസ്ഥരിൽ നിന്നുള്ള ഉത്തരവുകൾ ലംഘിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഒരു റഷ്യൻ വിമാനം റഷ്യൻ സൈനികർ തന്നെ വെടിവെച്ചു വീഴ്ത്തിയതായും ബ്രിട്ടൻ പറയുന്നു.
യുക്രൈൻ യുദ്ധം എളുപ്പമായിരിക്കുമെന്ന് വ്ലാദിമിർ പുടിനെ ചില ഉപദേശകർ തെറ്റിദ്ധരിപ്പിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും വിലയിരുത്തി. ഈ റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചിരിട്ടില്ല. അതേസമയം, ആശുപത്രികളും, ജലവിതരണ സംവിധാനങ്ങളും, സ്‌കൂളുകളും അടക്കം 24 ജനവാസ കേന്ദ്രങ്ങളിൽ എങ്കിലും റഷ്യ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചു എന്ന് തെളിഞ്ഞതായി യുഎൻ ഹ്യൂമൻ റൈറ്റ്സ് ഹൈക്കമ്മീഷണർ മിഷേൽ ബാഷ്ലെറ്റ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam