
പാലക്കാട്:അട്ടപ്പാടിയിലെ ഒഴിഞ്ഞ കാട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ചാരായ വാറ്റ് കേന്ദ്രം. ഒരിടത്തല്ല രണ്ടിടത്തായിചാരായം വാറ്റാൻ പാകപ്പെടുത്തി വച്ച 500 ലിറ്ററിലധികം കോടയാണ് പിടിച്ചെടുത്തത്. പ്രദേശത്ത് വ്യാപകമായി ചാരായം വിൽപ്പന നടക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ എക്‌സൈസിന്റെ പരിശോധനയിലായിരുന്നു കള്ളക്കര ഊരിന് സമീപത്തായി 200 ലിറ്ററും പുലിയപതി ഊരിന് സമീപത്തായി 300 ലിറ്ററും കോട കണ്ടെത്തിയത്. അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൗക്കത്തലിയും പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.
പ്രിവന്റീവ് ഓഫീസർ ജെ.ആർ.അജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ ലക്ഷ്മണൻ, രജീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അതേസമയം, ആലപ്പുഴ കുമാരപുരത്ത് 21 ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുമാരപുരം സ്വദേശിയായ ക്ഷേമരാജൻ(49 വയസ്) എന്നയാളാണ് പിടിയിലായത്. കേസിലെ രണ്ടാം പ്രതി പ്രസാദ് എന്നയാൾ എക്സൈസ് സംഘത്തെക്കണ്ട് ഓടിപ്പോയി.ഇയാൾക്കായുള്ള അന്വേഷണം ആരംഭിച്ചു.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബൈജു.എം ൻ്റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.യു.ഷിബു, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.ബിജു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സജിമോൻ.എം.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ഡ്രൈവർ ബിജു.കെ.പി എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam