
ഇടുക്കി : തമിഴ്നാട്ടിലെ തേനിക്ക് സമീപം ഉത്തമപാളയത്ത് പൊലീസ് ഇന്നലെ പിടികൂടിയ ആന്തരിക അവയവങ്ങളുടെ അവശിഷ്ടങ്ങൾ ആടിന്റേതാണെന്ന് സ്ഥിരീകരിച്ചു. നോട്ടിരട്ടിപ്പ് സംഘങ്ങളുടെ തട്ടിപ്പാണിതെന്നാണ് തമിഴ്നാട് പോലീസ് പൊലീസിന്റെ കണ്ടെത്തൽ. മൂന്നു പേരെ അറസ്റ്റു ചെയ്തു.
വെള്ളിയാഴച പുലർച്ചെ മുതലാണ് സംഭവങ്ങളുടെ തുടക്കും. രഹസ്യ വിവരത്തെ തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലെത്തിയ ഒരു വാഹനം ഉത്തമ പാളയം പൊലീസ് പരിശോധിച്ചു. വാഹനത്തിൽ മൂന്ന് പാത്രങ്ങളിലായി ഹൃദയം, കരൾ, നാക്ക് തുടങ്ങിയ അവയവങ്ങളുടെ ഭാഗം കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നത് തമിഴ്നാട് മധുര സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിംഗ്, മുരുകൻ എന്നിവരായിരുന്നു. പൂജക്ക് ശേഷമെത്തിച്ച മനുഷ്യാവയവ ഭാഗങ്ങളാണെന്നാണ് ഇവർ പറഞ്ഞത്. അവയവ ഭാഗങ്ങൾ പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധനക്ക് അയച്ചു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു.
ഇതിൽ ഉത്തമപാളയം സ്വദേശിയായ ജെയിംസ് എന്നയാൾ പണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് തങ്ങളെ സമീപിച്ചതായി ഇവർ പറഞ്ഞു. ഇതിനായി പത്തനംതിട്ടയിൽ നിന്നും വണ്ടിപ്പെരിയാറിലെത്തുന്ന ചെല്ലപ്പൻ എന്നയാൾ തരുന്ന സാധനങ്ങൾ രണ്ടു ലക്ഷത്തി അൻപതിനായിരം രൂപ നൽകി വാങ്ങിക്കൊണ്ടു വരണമെന്ന് നിർദ്ദേശിച്ചു. ഇത് ഉത്തമപാളയത്തെത്തിച്ചാൽ അഞ്ചു ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. ഇത് സമ്മതിച്ച അലക്സ് പാണ്ഡ്യനും സുഹൃത്തുക്കളും വണ്ടിപ്പെരിയാറിലെത്തി. ഇതിന് മുമ്പ് ജെയിംസ് തൻറെ സംഘത്തിലെ ബാബ ഫക്രുദീൻ, പാണ്ഡി എന്നിവരുടെ കയ്യിൽ ഉത്തപാളയത്തു നിന്നും വാങ്ങിയ ആടിൻറെ അവയവങ്ങൾ കൊടുത്ത് ബൈക്കിൽ വണ്ടിപ്പെരിയാറിലേക്ക് അയച്ചു. ഇവരിത് ചെല്ലപ്പന് കൈമാറി. പിന്നാലെ അലക്സും സംഘവുമെത്തി പണം നൽകി ചെല്ലപ്പനിൽ നിന്നും ഇത് വാങ്ങി ഉത്തമപാളയത്തേക്ക് തിരിച്ചു. കിട്ടിയ പണത്തിൽ അൻപതിനായിരം രൂപ എടുത്ത ശേഷം ബാക്കി തുക ബാബ ഫക്രുദീനും പാണ്ഡിക്കും ചെല്ലപ്പൻ കൈമാറി. ഈ സമയം മനുഷ്യ അവയവങ്ങളുമായി മൂന്നുപേർ കാറിലെത്തുന്നെന്ന വിവരം ജെയിംസ് തമിഴ്നാട് പൊലീസിനെ അറിയിച്ച ശേഷം ഫോൺ സ്വിച്ചോഫ് ചെയ്തു.
പാളയത്തെത്തിയ അലക്സ് പാണ്ഡ്യനും സംഘവും ജെയിംസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടെ പൊലീസിൻറെ പിടിയിലായി. ഒടുവിൽ കാര്യങ്ങൾ പൊലീസിനോട് തുറന്നു പറഞ്ഞ അലക്സും സംഘവും ജെയിംസിൻറെ സംഘത്തിനെതിരെ പരാതി നൽകി. തുടർന്ന് പോലീസ് ഇവരെ കണ്ടു പിടിച്ച് അറസ്റ്റു ചെയ്തു. ചെല്ലപ്പൻറെ പങ്ക് സ്ഥിരീകരിക്കാൻ അന്വേഷണം തുടരുകയാണ്. പിടിയിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.