
പാലക്കാട്: മണ്ണാർക്കാട് മുസ്ലിം ലീഗിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഭിന്നത രൂക്ഷമാകുന്നു. നിലവിലെ എംഎൽഎ എൻ. ഷംസുദ്ദീനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കല്ലടി ബക്കർ പരസ്യമായി രംഗത്തെത്തി. മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ പ്രാദേശികമായിട്ടുള്ള ആൾ തന്നെ സ്ഥാനാർത്ഥിയാകണമെന്നത് പാർട്ടിയുടെ മുൻ തീരുമാനമാണെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുൻപ് മണ്ണാർക്കാട് നിലനിന്നിരുന്ന പ്രാദേശിക ഭിന്നതകൾ പരിഹരിക്കാനാണ് ഷംസുദ്ദീനെ പുറത്തുനിന്ന് കൊണ്ടുവന്നതെന്നും എന്നാൽ തുടർച്ചയായി മൂന്ന് തവണ അദ്ദേഹത്തെ വിജയിപ്പിച്ചത് പ്രാദേശിക നേതാക്കളുടെ കൂടി സഹകരണത്തോടെയാണെന്നും ബക്കർ ഓർമ്മിപ്പിച്ചു.
ഷംസുദ്ദീന് ടേം വ്യവസ്ഥയിൽ ഇളവ് നൽകി വീണ്ടും മത്സരിപ്പിക്കാൻ നീക്കം നടക്കുന്നു എന്ന പ്രചാരണങ്ങൾ ശക്തമായതോടെയാണ് പ്രാദേശിക നേതൃത്വം പാർട്ടിയെ നിലപാട് അറിയിച്ചത്. ടേം വ്യവസ്ഥയിൽ ആർക്കെങ്കിലും ഇളവ് നൽകുന്നുണ്ടെങ്കിൽ മണ്ണാർക്കാട് മണ്ഡലത്തിൽ പ്രദേശവാസിയായ ഒരാൾക്ക് തന്നെ അവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഷംസുദ്ദീന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പാർട്ടിയിൽ പടയൊരുക്കം ആരംഭിച്ചതോടെ വരും ദിവസങ്ങളിൽ മണ്ണാർക്കാട്ടെ മുസ്ലിം ലീഗ് രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുമെന്ന് ഉറപ്പായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam