
തൃശൂര്‍: തൃശൂര്‍-പൊന്നാനി കോള്‍ മേഖലയിലെ സാധ്യമായ പടവുകളില്‍ ഇക്കുറി ഇരുപ്പൂകൃഷി ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ഇതിനായി സാധ്യതയുളള പാടശേഖരസമിതികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാലായിരം ഹെക്ടറിലാണ് ഇക്കുറി കൃഷിയിറക്കുക. നെല്ലിന് പുറമേ പയറും പച്ചക്കറിയും ഇരുപ്പൂകൃഷിയുടെ ഭാഗമായി കൃഷി ചെയ്യും. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഇരുപ്പൂകൃഷി ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഓപ്പറേഷന്‍ കോള്‍ ഡബിള്‍ എന്ന് പേരിട്ട പദ്ധതി മിഷന്‍ രീതിയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും ഒരു ലെയ്‌സണ്‍ ഓഫീസറേയും തെരഞ്ഞെടുത്തു.
താന്ന്യം കൃഷി ഓഫീസര്‍ ഡോ. വിവന്‍സിയാണ് ലെയ്‌സണ്‍ ഓഫീസര്‍. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ ചെയര്‍മാനും ഡോ ജയകുമാരന്‍ കണ്‍വീനറുമായ കമ്മിറ്റിയില്‍ പാടശേഖരസമിതി പ്രതിനിധികള്‍, നബാര്‍ഡ്, കെ എസ് ഇ ബി, ഇറിഗേഷന്‍, ലീഡ് ബാങ്ക്, കെയ്‌കോ, സീഡ് അതോറിറ്റി, പൊന്നാനി കോള്‍ വികസന സമിതി, തൃശൂര്‍ കോള്‍ വികസന അതോറിറ്റി, ആത്മ തുടങ്ങിയവയുടെ പ്രതിനിധികളും കൃഷി ഓഫീസര്‍മാരും അംഗങ്ങളാണ്.
ഇരുപ്പൂകൃഷിക്കായി പരമ്പരാഗത കോള്‍കൃഷി സമയപട്ടിക പുന:സ്ഥാപിക്കേണ്ടതുണ്ടെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് മില്ലുടമകളുടെ അനാവശ്യ ഇടപെടല്‍ അവസാനിപ്പിക്കും, പുഞ്ച സബ്‌സിഡി നിയമത്തില്‍ മാറ്റം വരുത്തും. വിത്ത് സംഭരണ വിതരണ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍ ടി വി അനുപമ എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ചന്ദ്രബാബു, മെക്കനൈസേഷന്‍ കണ്‍വീനര്‍ ഡോ.ജയകുമാരന്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു, നബാര്‍ഡ് ജി എം ദീപ പിളള, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എല്‍ ജയശ്രീ, ആത്മ പ്രോജക്ട് ഡയറക്ടര്‍ കല, പാടശേഖര സമിതി പ്രതിനിധി ഐ കെ സുബ്രഹ്മണ്യന്‍, മറ്റ് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആഗസ്റ്റ് നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കോള്‍പടവ് യോഗത്തില്‍ ഇരുപൂകൃഷി സംബന്ധിച്ച പ്രഖ്യാപനം നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam