
മാവേലിക്കര: ചിങ്ങോലി സ്വദേശിയായ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതിൽ ഹരികൃഷ്ണൻ (36), ചിങ്ങോലി കലേഷ് ഭവനത്തിൽ കലേഷ് (33) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ് എസ് സീനയാണ് ഉത്തരവിട്ടത്. പിഴയായി അടയ്ക്കുന്ന രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ജയറാമിന്റെ അമ്മ വിലാസിനിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം.
2020 ജൂലൈ 19ന് രാത്രിയിൽ ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനടുത്തുള്ള ബേക്കറിക്ക് മുന്നിലാണ് സംഭവം നടന്നത്. ജയറാമിനെ ഹരികൃഷ്ണൻ കത്തികൊണ്ട് ഇടത് തുടയിൽ കുത്തിയെന്നും രണ്ടാം പ്രതി കലേഷ് പ്രേരണ നൽകിയെന്നുമാണ് കേസ്. ജയറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരീലക്കുളങ്ങര ഇൻസ്പെക്ടറായിരുന്ന എസ് എൽ അനിൽ കുമാറാണ് കേസ് അന്വേഷിച്ചത്. ഒളിവിൽപ്പോയ പ്രതികളെ സംഭവം നടന്നതിന്റെ മൂന്നാം ദിവസം പത്തനംതിട്ട കൊടുമണിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ജയറാമും പ്രതികളും തമ്മിൽ ജോലി സംബന്ധമായ തർക്കമുണ്ടായിരുന്നു. മൂവരും ചിങ്ങോലിയിലുള്ള കരാറുകാരനൊപ്പമാണ് ജോലി ചെയ്തിരുന്നത്. കൊലപാതകത്തിനു തലേ ദിവസം ജയറാമും കലേഷും തമ്മിൽ പ്രദേശത്തെ കള്ളുഷാപ്പിൽ വെച്ച് ഉന്തുംതള്ളുമുണ്ടായി. പിറ്റേന്ന് ബൈക്കിലെത്തിയ ഹരികൃഷ്ണനും കലേഷും ജയറാമിനെ വെല്ലുവിളിച്ചു. തുടർന്ന് കടയിൽ നിന്ന് ഇറങ്ങിവന്ന ജയറാമിനെ ഹരികൃഷ്ണൻ കത്തി കൊണ്ടു കുത്തുകയായിരുന്നു. രക്തംവാർന്ന് റോഡിൽക്കിടന്ന ജയറാമിനെ ഹരിപ്പാട് ഗവണ്‍മെന്‍റ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൃത്യത്തിനു ശേഷം ബൈക്കിൽ കടന്ന പ്രതികൾ പോകുംവഴി നങ്ങ്യാർകുളങ്ങര റെയിൽവേ ഗേറ്റിനു സമീപം കത്തി ഉപേക്ഷിച്ചു. ബൈക്ക് പത്തനംതിട്ടയിലെ ഒരു വീട്ടിൽ ഒളിപ്പിച്ചു. കലേഷിന്റെ മൊബൈൽ ഫോൺ പന്തളത്ത് വിൽക്കുകയും ചെയ്തു. ബൈക്കും ഫോണും കത്തിയും പോലീസ് പിന്നീട് കണ്ടെടുത്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ് എൽ അനിൽ കുമാറും ജയറാമിന്റെ അമ്മ വിലാസിനിയും സഹോദരൻ ജയമോനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. 39 സാക്ഷികളും 64 രേഖകളും 14 തൊണ്ടിമുതലും വിചാരണവേളയിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവണ്‍മെന്‍റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ സജികുമാർ ഹാജരായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam