
കോഴിക്കോട്: ദത്തെടുക്കലിന് നിയമതടസമാണെങ്കിലും ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ മനുഷയ്ക്ക് വീടൊരുങ്ങും. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷയ്ക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി.
സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി ജി അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു.
മാവൂര്‍ മണക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ അച്ഛന്‍ മരിച്ച് ഒറ്റപ്പെട്ട മനുഷയെ കുറിച്ച് ചാനല്‍ വാര്‍ത്തയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമാണ് എറണാകുളം ഞാറക്കല്‍ സ്വദേശി മൂഞ്ഞോലി ജിജു ജേക്കബ് അറിഞ്ഞത്.
ഒറ്റപ്പെട്ടുപോയ മനുഷയെ കുട്ടികളില്ലാത്ത ജതീഷ് ദത്തെടുക്കാമെന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍ വാടകവീട്ടില്‍ കഴിയുന്ന ജതീഷിന് കുഞ്ഞിനെ ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞാണ് ജിജു സഹായവുമായെത്തിയത്.
തന്റെ വൈപ്പിന്‍ എളങ്കുന്നപുഴയിലുള്ള വീടും സ്ഥലവും ജതീഷിന് നല്‍കാമെന്ന് ജിജു പറഞ്ഞ ഇത്തവണത്തെ പ്രളയത്തില്‍ കാരുണ്യം പകര്‍ന്നവരിലൊരാളായി. മനുഷയെ ദത്തെടുക്കാമെന്ന് വാഗ്ദാനം ചെയ്ത ആലപ്പുഴ തുമ്പോളി സ്വദേശി ജതീഷും ഭാര്യയും ജിജുവിനൊപ്പം എത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സഹോദരങ്ങള്‍ സംരക്ഷിക്കാനുണ്ടെന്നതിനാല്‍ മാനുഷയെ നിയമപരമായി ദത്തു നല്കാനാവില്ല.
ദത്തെടുക്കാന്‍ കഴിയില്ലെന്നറിഞ്ഞ് ജതീഷും ഭാര്യയും ഏറെ നൊമ്പരത്തോടെയാണ് മടങ്ങുന്നതെന്ന് ജിജു ജേക്കബ് പറഞ്ഞു. കാറ്ററിങ് ബിസിനസ് നടത്തുകയാണ് ജിജു. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ ശേഖരിച്ച് സൗജന്യമായി വിതരണം ചെയ്യുന്ന 'ഗിവ് ആന്റ് ടേക്ക്' എന്ന സ്ഥാപനം നടത്തുന്നത് ജിബുവും ജിജുവും സുഹൃത്തുക്കളും ചേര്‍ന്നാണ് നടത്തുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam