
കാസർകോട്: ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പോലീസ് കർണാടകയിൽ നിന്നും പിടികൂടി .ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ്(36) ആണ് അറസ്റ്റിലായത്. ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വർഷം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി ദാബസ്പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പോലീസ് സംഘം എത്തി പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഏകദേശം ഒരു വർഷത്തോളമായി പ്രതി ഒരു ഹോട്ടലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു എന്നും പോലീസ് വ്യക്തമാക്കി. ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂബ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ടി. അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam