
കൊച്ചി: കാറിലിടിച്ച് നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി (KSRTC) ബസ് പിന്തുടര്‍ന്ന് പിടികൂടി ആലുവ ജോയിന്‍റ് ആര്‍ടിഒ. വടക്കന്‍ പറവൂര്‍-ആലുവ റൂട്ടില്‍ ഒടുന്ന കെഎസ്ആര്‍ടിസി ബസ് ഡ്രൈവറാണ് വഴി നല്‍കാത്ത ദേഷ്യത്തില്‍ ജോയിന്‍റ് ആര്‍ടിഒ സലിം വിജയകുമാറിന്‍റെ കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയത്. ഡ്രൈവര്‍ക്കെതിരെ കേസ് എടുത്തു.
സജീവന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ ആലുവ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആളറിയാതെ ബസ് ഡ്രൈവർ ജോയിന്‍റ് ആർടിഒയോട് ആക്രോശിച്ചതായും പരാതിയുണ്ട്. കാറിലിടിച്ച് നിർത്താതെ പോയ ബസിനെ പിന്തുടർന്ന് തടഞ്ഞുനിർത്തിയപ്പോൾ, താൻ പോയി കേസ് കൊടുത്തോ എന്നായിരുന്നു കെ എസ് ആർ ടി സി ഡ്രൈവർ ആളറിയാതെ ജോയിന്‍റ് ആർടിഒയോട് കയര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്.
വെള്ളിയാഴ്ച പറവൂരിലെ ഫിറ്റ്നസ് ടെസ്റ്റ് മൈതാനത്ത് നിന്ന് ആലുവ സ്റ്റേഷനിലുള്ള ഓഫീസിലേക്ക് കാറിൽ വരുകയായിരുന്നു ജോയിന്‍റ് ആർ ടി ഒ. ഈ സമയം പിന്നാലെ വന്ന ബസ് ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ കാറിന് മുന്നിൽ പോയ ബൈക്ക് യാത്രികൻ യു ടേൺ എടുക്കുന്നതിനായി കാർ നിർത്തി കൊടുക്കേണ്ടിവന്നു. ഈ സമയവും ബസ് ഡ്രൈവർ നിരന്തരം ഹോൺ മുഴക്കിക്കൊണ്ടിരുന്നു. പിന്നീട് ഗതാഗത കുരുക്കിൽ അകപ്പെട്ടപ്പോഴും പിന്നാലെ നിർത്താതെ ഹോൺ അടിച്ചുകൊണ്ടിരുന്നു.
ഇതോടെ ജോയിന്‍റ് ആർടിഒ കാറിൽനിന്ന് ഇറങ്ങി കെ എസ് ആർ ടി സി ഡ്രൈവറോട് സംസാരിച്ചു. വാഹനം ഗതാഗതകുരുക്കിൽ കിടക്കുമ്പോൾ ഹോൺ അടിച്ചിട്ട് കാര്യമില്ലെന്ന് പറയുകയും ചെയ്തു.
അതിന് ശേഷം ആലുവ പാലസിന് മുന്നിൽവെച്ച് വലത്തേക്ക് തിരിയാനായി കാർ ഇൻഡിക്കേറ്റർ ഇട്ട് വേഗം കുറച്ചപ്പോഴാണ് ബസ് ഡ്രൈവർ അപകടമുണ്ടാക്കിയത്. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യുന്നതിനിടെ ബസിന്‍റെ പിൻഭാഗം കാറിന്‍റെ മുൻവശത്ത് ഇടിക്കുകയായിരുന്നു.
അതിന് ശേഷം ബസ് നിർത്താതെ പോകുകയും ചെയ്തു. ഇതോടെ ജോയിന്‍റ് ആർടിഒ കാറുമായി ബസിന് പിന്നാലെ പോകുകയും ഓവർടേക്ക് ചെയ്ത ശേഷം തടഞ്ഞുനിർത്തുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam