
തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 2.8 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. പ്ലാറ്റ്ഫോമിലെ കസേരകൾക്കടിയിൽ ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ കഞ്ചാവ് കൊണ്ടുവന്നവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള ലഹരിക്കടത്ത് തടയുന്നതിനായി എക്സൈസും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിരന്തരം പരിശോധനകൾ നടത്തിവരികയാണ്.
പരിശോധന കർശനമാക്കിയതോടെ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവർ അത് ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിയാതെ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും ഉപേക്ഷിക്കുന്ന സംഭവങ്ങൾ പതിവാകുന്നതായി അധികൃതർ അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റെജി ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആർ. രാജേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സുരേഷ് കുമാർ, ബോബിൻ വി. രാജ്, സിവിൽ എക്സൈസ് ഓഫീസർ അനൂപ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
റെയിൽവേ പൊലീസിനെ പ്രതിനിധീകരിച്ച് സബ് ഇൻസ്പെക്ടർ അനൂബ് എസ്., അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജോജി ജോസഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. റെയിൽവേ സ്റ്റേഷനുകൾ വഴി ലഹരിവസ്തുക്കൾ കടത്തുന്നത് തടയുന്നതിനായി പരിശോധനകളും നിരീക്ഷണവും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam